
തിരുവനന്തപുരം: വഞ്ചിയൂർ അത്തിയറമഠം ദേവീക്ഷേത്രത്തിന് മുന്നിലെ റോഡിന്റെ ഒരു ഭാഗവും സംരക്ഷണഭിത്തിയുടെ ഭൂരിഭാഗവും ആമയിഴഞ്ചാൻ തോട്ടിലേക്ക് ഇടിഞ്ഞുവീണു.അഞ്ച് മാസമായി ഇടിഞ്ഞ് താഴ്ന്ന നിലയിലായിരുന്ന റോഡ് ഇന്നലെ ഉച്ചയോടെ വൻശബ്ദത്തോടെ തോട്ടിലേക്ക് പതിക്കുകയായിരുന്നു.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു.സാഹസികമായാണ് ഇതുവഴിയുള്ള കാൽനടയാത്ര.
വഞ്ചിയൂരിൽ നിന്ന് പാറ്റൂരിലേക്ക് പോകുന്ന ഒരുകിലോമീറ്ററോളം വരുന്ന ലിങ്ക് റോഡാണിത്.ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനും നഗരസഭയ്ക്കും നിരവധി തവണ പരാതി നൽകിയെങ്കിലും നാൾ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
2020മുതൽ അത്തിയറമഠം ദേവീക്ഷേത്ര റോഡ് അപകടാവസ്ഥയിലായിരുന്നു.റോഡിന്റെ പല ഭാഗങ്ങളും പലപ്പോഴായി ഇടിഞ്ഞ് തോട്ടിലേക്ക് വീണിരുന്നു.ഇതിപ്പോൾ മൂന്നാം തവണയാണ് അത്തിയറമഠം ദേവീക്ഷേത്രത്തിന്റെ 25 മീറ്റർ ചുറ്റളവിൽ മാത്രം റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് പതിക്കുന്നത്.ഏഴുമാസം മുൻപ് സമീപത്തെ റോഡിന്റെ പാതി ഭാഗം ഇടിഞ്ഞ് തോട്ടിലേക്ക് പതിച്ചിരുന്നു. അന്ന് അധികൃതർ വന്ന് തോടിന്റെ വശത്ത് മണൽചാക്ക് വച്ച് സംരക്ഷണഭിത്തി നിർമ്മിച്ചതല്ലാതെ ഇതുവരെ റോഡ് യാത്രായോഗ്യമാക്കി ടാർ ചെയ്തിട്ടില്ല.
പാലവും അപകടാവസ്ഥയിൽ
വഞ്ചിയൂർ അത്തിയറമഠം ദേവീക്ഷേത്രത്തിൽ നിന്ന് നെല്ലിപ്പള്ളിൽ ലെയ്‌നിലേക്ക് പ്രവേശിക്കുന്ന ആമയിഴഞ്ചാൻ തോട്ടിലെ പാലവും ഏതുനിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്.പാലവും റോഡും ചേരുന്നിടത്ത് അടിഭാഗത്തെ കല്ലെല്ലാം ഇളകി പാലത്തിന് വിള്ളൽ സംഭവിച്ചിരിക്കുകയാണ്.പാലത്തിന്റെ ഒരുവശത്തെ പാർശ്വഭിത്തിയും ഇടിഞ്ഞ നിലയിലാണ്.അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.