തിരുവനന്തപുരം : നക്ഷത്ര ചിഹ്നമിട്ട 49 ചോദ്യങ്ങൾ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷം. നിയമസഭയുടെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്‌പീക്കർ എ.എൻ ഷംസീറും നേർക്കുനേർ ഏറ്റുമുട്ടി.തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രതിപക്ഷനേതാവ് സ്‌പീക്കറെ വിമർശിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.ബി.രാജേഷും രംഗത്തെത്തി.
ഇന്നലെ രാവിലെ 9ന് ചോദ്യോത്തര വേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷനേതാവ് ആരോപണവുമായി എഴുന്നേറ്റു. ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ വെട്ടിനിരത്തുന്ന രീതിയാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. യാതൊരു വിവേചനവും കൂടാതെ ചട്ടപ്രകാരമാണ് ചോദ്യങ്ങളെ തരംതിരിച്ചതെന്ന് സ്‌പീക്കർ പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളും തദ്ദേശീയ പ്രാധാന്യമുള്ളതും വാദങ്ങളുടെയോ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കുന്നതിനു മുൻപ് പത്ര,ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും പ്രതിപക്ഷം അവയെ വിമർശിച്ചത് അവകാശ ലംഘനമാണെന്നും സ്‌പീക്കർ വിശദീകരിച്ചു. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ട വിഷയം പ്രാധാന്യമുള്ള ചോദ്യമല്ലെന്നാണോ സ്‌പീക്കർ പറയുന്നതെന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. പ്രതിപക്ഷം പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്കിറങ്ങി. സർക്കാരിനെതിരെയുള്ള ചോദ്യങ്ങളെ ഭയന്നിട്ടില്ലെന്നും ഉത്തരം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കെട്ടിട സമുച്ചയങ്ങൾക്കുള്ള പാർക്കിംഗ് ഇളവുകളെ സംബന്ധിച്ച് മുഖ്യമന്ത്രിയോടുള്ള ആദ്യ ചോദ്യത്തിന് കോൺഗ്രസ് അംഗം ടി.സിദ്ദിഖിനെ സ്പീക്കർ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം സഹകരിച്ചില്ല. ദുരിതാശ്വാസനിധി സംബന്ധിച്ച ഭരണപക്ഷാംഗങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാൻ തുടങ്ങി. ഹ.ഹ..ഹ എന്ന് പരിഹസിച്ചും ഭരണപക്ഷത്തെ പ്രകോപിപ്പിച്ചും പ്രതിപക്ഷം 17 മിനിട്ട് ചോദ്യോത്തരവേള തടസപ്പെടുത്തി.
എത്ര ലീഡർമാരെന്ന് സ്‌പീക്കർ,
പൊട്ടിതെറിച്ച് സതീശൻ
ചോദ്യോത്തരവേളയിലെ ബഹളം തുടരവേ, 9.18ന് വി.ഡി.സതീശൻ സംസാരിക്കാൻ എഴുന്നേറ്റെങ്കിലും സ്പീക്കർ മൈക്ക് അനുവദിച്ചില്ല. പ്രതിപക്ഷ അംഗങ്ങൾ സീറ്റിലേക്ക് മടങ്ങാതെ മൈക്ക് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സ്പീക്കർ. ഇതോടെ ചിലർ സീറ്റിലേക്ക് മടങ്ങി. എന്നാൽ പ്രതിപക്ഷ നേതാവിന് മൈക്ക് നൽകാത്തതിൽ മാത്യു കുഴൽനാടൻ സ്‌പീക്കറുടെ ഡയസിന് മുന്നിൽ നിന്ന് കയർത്തു. ആരാണ് പ്രതിപക്ഷനേതാവെന്ന് സ്‌പീക്കർ ചോദിച്ചു. ആരാണ് ലീഡർ,പ്രതിപക്ഷത്തിന് ഒരുപാട് ലീഡർമാരുണ്ടോ? ഇത് വി.ഡി.സതീശനെ പ്രകോപിച്ചു. സ്പീക്കറെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.പ്രതിപക്ഷം പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രി എം.ബി.രാജേഷും വി.ഡി.സതീശനെ വിമർശിച്ചു. അതേസമയം, സ്പീക്കർക്കെതിരെ വി.ഡി സതീശൻ പറഞ്ഞത് സഭാരേഖയിൽ നിന്ന് നീക്കം ചെയ്തു.