pc-ch

തിരുവനന്തപുരം : എൻ.സി.പി മന്ത്രിമാറ്റത്തിന് കൂടുതൽ സമയം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയ സാഹചര്യത്തിൽ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഹാരാഷ്ട്രയിലെ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച യോഗങ്ങളിൽ പങ്കെടുക്കാനായി പൂനെയിലെത്തിയ പവാറുമായി ഇക്കാര്യങ്ങളിൽ ആശയവിനിമയം നടത്തി.

ഇന്നലെ മടങ്ങിയെത്തിയ ചാക്കോ ഇനി പാർട്ടി നേതൃയോഗത്തിന് ശേഷമാവും മുഖ്യമന്ത്രിയെ കാണാൻ സാദ്ധ്യത. നിയമസഭാ സമ്മേളനത്തിന് ശേഷം പാർട്ടി നേതൃയോഗം ചേരുമെന്ന് എൻ.സി.പി സംഘടനാ ജനറൽ സെക്രട്ടറി കെ.ആർ രാജൻ അറിയിച്ചു.. . പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, തോമസ്.കെ.തോമസ് എം.എൽ.എ, മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ മന്ത്രിമാറ്റമടക്കമുള്ള കാര്യങ്ങൾ വീണ്ടും ചർച്ചയാവും.

മുമ്പ് മന്ത്രിമാറ്റ ചർച്ചകൾക്കായി മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ച്ചയിൽ തോമസ്.കെതോമസിന്റെ കുടുംബവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അടങ്ങുന്ന പരാതിയാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചതെന്നാണ് വിവരം. സഭാ സമ്മേളനത്തിന് ശേഷം മന്ത്രിമാറ്റം നടപ്പിലാക്കണമെന്നാണ് പി.സി ചാക്കോ വിഭാഗത്തിന്റെ നിലപാട്.