
തിരുവനന്തപുരം: നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ചിഹ്നമിടാത്ത വിഭാഗത്തിൽപ്പെടുത്തിയത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണെന്നും ക്രമരഹിതമായ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും നിയമസഭയിൽ സ്പീക്കറുടെ റൂളിംഗ്.
പ്രതിപക്ഷനേതാവിന്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളുടെ നോട്ടീസുകളും വാദങ്ങളുടെയോ അഭ്യൂഹങ്ങളുടെയോ അടിസ്ഥാനത്തിലുള്ളതും തദ്ദേശീയ പ്രാധാന്യം മാത്രമുള്ള വിഷയങ്ങളും ആണെന്ന വസ്തുത പരിഗണിച്ചാണ് അവ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായി അനുവദിച്ചത്. മനഃപൂർവ്വമായ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല.
ചോദ്യങ്ങൾക്കുള്ള എല്ലാ നോട്ടീസുകളും യാതൊരു വിവേചനം കൂടാതെയും ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെയും ചട്ടത്തിലെ വ്യവസ്ഥകൾക്കും സ്പീക്കറുടെ നിർദ്ദേശങ്ങൾക്കും വിധേയമായാണ് പരിശോധിച്ച് നക്ഷത്ര ചിഹ്നമിട്ടോ അല്ലാതെയോ അനുവദിക്കുന്നത്.
ഭരണപക്ഷ എം.എൽ.എമാർ സമർപ്പിക്കുന്ന നക്ഷത്രചിഹ്നമിട്ട നോട്ടീസുകൾ ചട്ടം 36(2) പ്രകാരം നക്ഷത്രചിഹ്നമിടാത്ത ചോദ്യമാക്കി അനുവദിച്ചിട്ടുണ്ട്.
കൃത്യമായ നിബന്ധനകൾ പാലിക്കുന്ന നോട്ടീസുകൾക്ക് ചട്ടം 36ൽ വ്യവസ്ഥ ചെയ്ത പ്രകാരം സ്പീക്കർക്കുവേണ്ടി അനുമതി നൽകുകയാണ് നിയമസഭാ സെക്രട്ടേറിയറ്റ് ചെയ്യുന്നത്.
നക്ഷത്രചിഹ്നമിട്ട ചോദ്യത്തിനായി നൽകുന്ന നോട്ടീസ് നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി മാറ്റുന്ന സന്ദർഭങ്ങളിലും അവയ്ക്ക് പൂർണ്ണമായോ ഭാഗികമായോ അനുമതി നിഷേധിക്കുന്ന അവസരങ്ങളിലും ചട്ടം 36(3) പ്രകാരമുള്ള അറിയിപ്പ് അംഗങ്ങളുടെ ലോഗിനിൽ ചോദ്യത്തിന്റെ കാറ്റഗറിക്കു താഴെയായി അവർക്ക് കാണാൻവേണ്ടി ക്രമീകരിച്ചിട്ടുണ്ട്.
നിയമസഭാ ചട്ടം 266ന്റെ ക്ലിപ്ത നിബന്ധന പ്രകാരം സഭയിൽ ചോദ്യത്തിന് മറുപടി നൽകുന്ന ദിവസം വരെ നോട്ടീസിന് യാതൊരു പ്രചാരണവും നൽകാൻ പാടില്ല . എന്നാൽ,നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി അനുവദിച്ച നടപടിയെ പത്ര,ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും വിമർശിച്ച് നോട്ടീസുകൾക്ക് നൽകിയ പ്രചാരണം സഭാ അവകാശത്തിന്റെ ലംഘനമായി കണക്കാക്കാമെന്നും റൂളിംഗിൽ പറയുന്നു.