തിരുവനന്തപുരം: അറുപത്തിയെട്ട് വർഷങ്ങളുടെ രുചി പ്രയാണത്തിൽ കലർപ്പില്ലാത്ത കറിക്കൂട്ടുകളും മനസ് നിറയ്ക്കുന്ന രുചികളുമാണ് കുമാർ കഫേയുടെ മുഖമുദ്ര! അനന്തപുരിയുടെ ഹൃദയത്തിൽ പതിഞ്ഞുനിൽക്കുന്ന ഭക്ഷണശാല.
1956ൽ കെ.തങ്കപ്പൻ തീൻമേശയിലെത്തിച്ച കലർപ്പില്ലാത്ത രുചികൾ മക്കൾ ഇന്നും അനന്തപുരിക്ക് വിളമ്പുന്നു. പറഞ്ഞുപറഞ്ഞ് പടർന്നുകയറിയതാണ് കുമാർ കഫേയുടെ രുചിപ്പെരുമ! പുലർച്ചെ അഞ്ചുമുതൽ പിറ്റേന്ന് പുലർച്ചെ മൂന്ന് വരെ അടുപ്പുകൾ കെടാത്ത അടുക്കള, ആളൊഴിയാത്ത തീൻമേശകൾ... സ്വിഗ്ഗിയിലും സൊമാറ്റോയിലും നമ്പർ വണ്ണായ ബിരിയാണി...രുചിപ്പെരുമയ്ക്ക് ഇതിലും വലിയ സാക്ഷ്യം വേണോ!
പുലർച്ചെ അഞ്ചിന് പ്രഭാതഭക്ഷണത്തോടെ സജീവമാകുന്ന തീൻമേശകളിൽ ഇഡ്ഡലി,പുട്ട്,പയർ,പപ്പടം എന്നിവ നിറയും.ആറുമണിക്ക് ശേഷം അപ്പം,ഇടിയപ്പം,പൂരി,കിഴങ്ങുകറി,കടലക്കറി,മുട്ടക്കറി,മുട്ടറോസ്റ്റ്,ബീഫ് റോസ്റ്റ്,ബീഫ് കറി....
ഉച്ചയ്ക്ക് 12 മണിക്കാരംഭിക്കുന്ന ഊണിനൊപ്പം നാവിൽ കൊതിമേളം കൊഴുപ്പിക്കും മീൻ മുളകിട്ടത്, തേങ്ങയരച്ച മീൻകറി, കൊഞ്ച് തീയൽ, കണവത്തോരൻ, ചിക്കൻതോരൻ, 110 രൂപയ്ക്ക് മിനി സദ്യ, ആവോലി, നെയ്‌മീൻ, കൊഞ്ച് ഫ്രൈ... വൈകിട്ട് 6ന് ആരംഭിക്കുന്ന രാത്രിഭക്ഷണത്തിൽ കോയിൻ പൊറോട്ട കിടിലൻ താരമാണ്. ! സ്വാദേറും ബീഫ് പെരട്ട്, പോത്ത് പെരട്ട്, താറാവ് മപ്പാസ്, ചിക്കൻ മപ്പാസ്, നാടൻകോഴി പെരട്ട് എന്നിവയാണ് സഖ്യകക്ഷികൾ! ചൈനീസ് കോണ്ടിനെന്റൽ വിഭവങ്ങളും നാടൻപലഹാരങ്ങളും കുമാർ കഫേയിൽ വാസന പരത്തുന്നു.
കെ.തങ്കപ്പനും എട്ടുമക്കളിൽ രണ്ട് ആൺമക്കളും ലോകത്തോട് വിടപറഞ്ഞു. മൂന്ന് ആൺമക്കളും വിടപറഞ്ഞ ആൺമക്കളുടെ കുടുംബവുമാണ് ഇപ്പോൾ സാരഥികൾ. മക്കളിൽ ടി.വിജയകുമാർ, ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ടി.ബിനുലാൽ എന്നിവർ നടത്തിപ്പിന്റെ മേൽനോട്ടം വഹിക്കുന്നു. ഗുണമേന്മയിൽ അണുവിട വീഴ്ചയില്ലാത്ത കുമാർകഫേ കലർപ്പില്ലാത്ത കറിക്കൂട്ടുകളൊരുക്കുന്നതിലും പിശുക്കില്ലാതെ വിളമ്പുന്നതിലും പേരുകേട്ടവരാണ്.
ജീവനക്കാരുടെ
ഉല്ലാസയാത്രയ്ക്ക്
കട മുടക്കം !
രുചി തേടിയെത്തുന്നവർക്ക് സ്നേഹവും വിളമ്പുന്ന കുമാർ കഫേയ്ക്ക് മറ്റൊരു നിർബന്ധം കൂടിയുണ്ട്. ജീവനക്കാരുടെ സന്തോഷവും സമ്മർദ്ദരഹിതമായ ജോലിയും. വർഷത്തിലൊരിക്കൽ രണ്ടുദിവസം കട മുടക്കി അറുപതിലേറെ ജീവനക്കാരുമായി സാരഥികൾ വിനോദയാത്ര പോവുന്നു! പ്രവർത്തനസമയം പുലർച്ചെ വരെയായതിനാൽ ജോലിസമയം ഷിഫ്റ്റായാണ് ക്രമീകരിച്ചിരിക്കുന്നത്.