
തമിഴ് സിനിമയിൽ മലയാളി താരങ്ങൾക്ക് വൻ ഡിമാന്റ്. നാല് താരങ്ങളാണ് തമിഴിൽ ഗംഭീര അരങ്ങേറ്റം കുറിച്ചത്. ചിയാൻ വിക്രം നായകനായി എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് തമിഴിൽ എത്തുന്നത്. തമിഴിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നതും ചിയാൻ വിക്രത്തിനൊപ്പം തുടക്കം കുറിക്കാൻ കഴിഞ്ഞത് ഭാഗ്യമന്ന് കരുതുന്നതായി സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. പ്രേമലു സിനിമയിലൂടെ മലയാളം കടന്ന് തമിഴിലും തെലുങ്കിലും ആരാധകരെ സ്വന്തമാക്കിയ മമിത ബൈജു വിജയ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ജി.വി. പ്രകാശിന്റെ നായികയായി റെബൽ സിനിമയിലൂടെയാണ് തമിഴിൽ മമിതയുടെ അരങ്ങേറ്റം. വിജയ് ചിത്രത്തിൽ ഭാഗമായതോടെ മമിതയെ ഉറ്റുനോക്കുകയാണ് തമിഴകം. തമിഴിലാണ് മമിത കൂടുതൽ സജീവം.
രജനികാന്ത് -ലോകേഷ് കനകരാജ് ചിത്രം കൂലിയിലൂടെയാണ് സൗബിൻ ഷാഹിറിന്റെ അരങ്ങേറ്റം. അറുപതുദിവസത്തെ ഡേറ്റാണ് കൂലിക്ക് സൗബിന് നൽകിയത്. രജനികാന്തിനൊപ്പം നിറഞ്ഞുനിൽക്കുന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ ബ്ളോക്ക് ബസ്റ്റർ മഞ്ഞുമ്മൽ ബോയ്സ് തമിഴിലും കോടികൾ വാരിയതിനാൽ തമിഴകത്ത് സൗബിൻ കൂടുതൽ പരിചിതനാണ്.
മദ്രാസ്കാരൻ എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ നിഗം തമിഴിൽ എത്തുന്നത്. വാലി മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഷെയ്ൻ വൻ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. തമിഴിൽനിന്ന് ഏറെനാളായി അവസരങ്ങൾ വന്നിരുന്നെങ്കിലും നല്ല കഥാപാത്രത്തിനുവേണ്ടി ഷെയ്ൻ കാത്തിരിക്കുകയായിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയ മദ്രാസ്കാരൻ റിലീസിന് ഒരുങ്ങുകയാണ്.
രജനികാന്ത് ചിത്രം വേട്ടൈയ്യനിൽ വില്ലൻ സ്വഭാവമുള്ള കഥാപാത്രമായി എത്തിയാണ് സാബു മോന്റെ തമിഴ് അരങ്ങേറ്റം. രജനികാന്തിന്റെ ജയിലറിൽ വർമ്മൻ എന്ന പ്രതിനായകനായി എത്തി പ്രേക്ഷകരെ വിനായകൻ അത്ഭുതപ്പെടുത്തിയിരുന്നു. ജയിലറിലൂടെയാണ് വിനായകൻ ആദ്യമായി രജനികാന്ത് ചിത്രത്തിന്റെ ഭാഗമാകുന്നത്. തമിഴിൽ സ്വാധീനം ഉറപ്പിച്ച പ്രധാന നടൻ ഫഹദ് ഫാസിൽ ആണ്. വിക്രം, മാമന്നൻ, എന്നീ ചിത്രങ്ങൾ ഉദാഹരണം. തെലുങ്കിൽ പുഷ്പയും. വേട്ടൈയ്യനിലും ഫഹദുണ്ട്. മലയാളത്തിൽ നിന്ന് മഞ്ജു വാര്യരുമുണ്ട്. ഒരു വ്യാഴവട്ടത്തിനുശേഷം ബിജു മേനോനും തമിഴിൽ. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രത്തിൽ പ്രതിനായകനാണ് ബിജു മേനോൻ.