
നെടുമങ്ങാട്; അപകടം പതിവായ വളവിൽ ട്രാഫിക് മിറർ സ്ഥാപിച്ച് സാംസ്‌കാരിക കൂട്ടായ്മയുടെ സേവന മാതൃക. വാഴോട്ടുകോണം പ്രണാമം സാംസ്‌കാരിക വേദിയാണ് ആലംകോട് - കരുപ്പൂര് റോഡിലെ അപകടാവസ്ഥയ്ക്ക് പരിഹാരം കണ്ടത്. ഇരുവശങ്ങളിലും നിന്നെത്തുന്ന വാഹനങ്ങൾ മിററിൽ തെളിയുന്നതിനാൽ വാഴോട്ടുകോണം വളവിലെ പതിവ് കൂട്ടിയിടി ഇനിയുണ്ടാവില്ല. ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായാണ് ഇവിടെ ട്രാഫിക് മിറർ സ്ഥാപിച്ചത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് അനിൽ രൂപചിത്ര സംവിധാനം ചെയ്ത 'എന്റെ രാജകുമാരി" എന്ന ഷോർട്ട് ഫിലിം പ്രദർശനവും നടന്നു. സാംസ്‌കാരിക വേദി പ്രസിഡന്റ് ആർട്ടിസ്റ്റ് രാജേഷ് ട്വിങ്കിൾ അദ്ധ്യക്ഷത വഹിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്.ശൈലജ ഭദ്രദീപം തെളിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആർ.അജയകുമാർ, നഗരസഭ കൗൺസിലർ സംഗീതാ രാജേഷ്, വേദി സെക്രട്ടറി ബൈജു കലാഭവൻ എന്നിവർ പങ്കെടുത്തു.