
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ വെമ്പ് പച്ച മല റോഡിലെ മണലയം പാലം തകർന്നതിനെ തുടർന്ന് യാത്രാദുരിതം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് ഫണ്ടിൽ നിന്നും 9 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗത്ത് താത്കാലിക റോഡ് നിർമ്മിച്ച് യാത്രാക്ലേശത്തിന് താത്കാലിക പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവനും വൈസ് പ്രസിഡന്റ് പി.എസ്.ബാജി ലാലും അറിയിച്ചു. നിലവിലെ തകർന്ന റോഡ് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ഉള്ളതാണ്. റോഡ് പഴയ നിലയിൽ ഗതാഗതയോഗ്യമാക്കുന്നതിന് ഏകദേശം 50 ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു. ഈ തുക കണ്ടെത്തുന്നതിന് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എം.എൽ.എ എന്നിവരുടെ സഹായം കൂടി ഉണ്ടാകണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.
മണലയം പാലം
കുറുപുഴ ജംഗ്ഷനിൽ നിന്നും പച്ചമല വഴി തൊളിക്കോട് പൊൻമുടി ഭാഗത്തേക്ക് പോകുന്ന റോഡിലെ മണലയം പാലമാണ് പൂർണമായും തകർന്നത്. അമിതഭാരം കയറ്റിയുള്ള ലോറികളുടെ മരണപ്പാച്ചിലാണ് റോഡ് തകർച്ചയ്ക്ക് കാരണം. 50 വർഷത്തോളം പഴക്കമുണ്ട് ഈ പാലത്തിന്. ഇളവട്ടം ആലുംകുഴി പി.ഡബ്ല്യു.ഡി.റോഡിന്റെ നവീകരണത്തിനാവശ്യമായ സാധനങ്ങളുമായി അനേകം ലോറികൾ മണലയം പാലത്തിലൂടെയാണ് പോകുന്നത്. പാലം തകർന്നതോടെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിറുത്തിവച്ചു.
യാത്രാ ദുരിതവും
പാലം തകർന്നതോടെ കെ.എസ്.ആർ.ടി.സി ബസുകളുടെ വരവും നിലച്ചു. ഇതോടെ പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതവും തുടങ്ങി. മിക്ക വീടുകളിലും കിടപ്പുരോഗികൾ ഉൾപ്പെടെ നിരവധി രോഗികളുണ്ട്. ഇവർക്ക് ആവശ്യത്തിന് ആശുപത്രികളിൽ പോകാനോ കിടപ്പുരോഗികൾക്ക് ചികിത്സനൽകാനോ ആരോഗ്യവകുപ്പിന് എത്തിപ്പെടാനോ കഴിയാറില്ല. പഞ്ചായത്ത് ഫണ്ട് അനുവദിച്ചതോടെ താത്കാലിക പരിഹാരമാണ് ഉണ്ടായത്.