തിരുവനന്തപുരം: ശിശുക്ഷേമസമിതി തൈക്കാട് സ്ഥാപിച്ചിട്ടുള്ള മാതൃത്വ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞ്! ലോകം യുദ്ധഭീതിയിൽ കഴിയുന്ന നാളുകളായതിനാൽ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ചിഹ്നമായ ഒലിവ് ഇലയെ ഓർമ്മിപ്പിക്കുന്ന ഒലീവ എന്ന് കുഞ്ഞിന് പേര് നൽകിയതായി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി അറിയിച്ചു.
തിങ്കളാഴ്ച വെളുപ്പിന് മൂന്നിനാണ് അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്.തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 608 -ാ മത്തെ കുഞ്ഞും 2024ൽ ഇതുവരെ അമ്മത്തൊട്ടിലിൽ ലഭിച്ച 14 -ാമത്തെ കുഞ്ഞുമാണ് ഒലീവ.
പൂർണ ആരോഗ്യവതിയായ കുഞ്ഞ് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ വിദഗ്ദ്ധ പരിശോധനകൾക്കുശേഷം,സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.കുട്ടിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികളുണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.