
മമ്മൂട്ടി ശിലാസ്ഥാപനം നിർവഹിച്ചു
തിരുവനന്തപുരം: ചലച്ചിത്ര നടി സുകുമാരിയുടെ സ്മരണയ്ക്കായി ആരംഭിച്ച ആദ്യത്തെ മൾട്ടി മീഡിയ ആൻഡ് ഫിലിം ടെക്നോളജി സ്കൂൾ കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സെന്റർഫോർ ഹയർ എഡ്യുക്കേഷനിൽ(നിഷ്) തുറക്കുന്നു. ഇതിന്റെ ശിലാസ്ഥാപന കർമ്മം നടൻ മമ്മൂട്ടി നിർവഹിച്ചു. സർവകലാശാല പ്രോ ചാൻസലർ എം.എസ്. ഫൈസൽ ഖാൻ പങ്കെടുത്തു. മൾട്ടിമീഡിയ ലാബുകൾ, ഡബിംഗ്, മൾട്ടി പ്ലക്സ് തിയേറ്ററുകൾ ഉൾപ്പെട്ട വിദ്യാഭ്യാസസ്ഥാപനമാകും സുകുമാരിയുടെ പേരിൽ അറിയപ്പെടുക. സുകുമാരി മ്യൂസിയവും സജ്ജമാകും. സുകുമാരിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഇനി ഇവിടെയുണ്ടാകും.
നിംസ് ഹാർട്ടും മമ്മൂട്ടിയും
മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും ചേർന്നുള്ള സൗജന്യ ഹ്യദയ ശസ്ത്രക്രിയാ പദ്ധതിയായ ഹാർട്ട് ടുഹാർട്ട് പദ്ധതി തുടങ്ങിയ കാലം. നിംസ് മെഡിസിറ്റി എം.ഡി എസ്.എസ്.ഫൈസൽ ഖാന് ഒരു കോൾ വന്നു. ഫോണിന്റെ അങ്ങേത്തലയ്ക്കൽ നടൻ മമ്മൂട്ടി. സുകുമാരി ആശുപത്രിയിൽ വരുന്നു. കൃത്യമായി പരിശോധിക്കണം. ഗുരുതരമായ ഹൃദ്രോഗമാണെന്നും ഉടൻ ആൻജിയോപ്ലാസ്റ്റി വേണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. വിവരം മമ്മൂട്ടിതന്നെ സുകുമാരിയുടെ മകൻ ഡോ.സുരേഷിനെ അറിയിച്ചു. രണ്ടുപേരുടേയും അനുവാദത്തോടെ നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. മധു ശ്രീധരന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. അന്നു മുതൽ സുകുമാരിയോടുള്ള ഹൃദയബന്ധം ചേർത്തുപിടിക്കുകയാണ് നിംസ് കുടുംബമെന്നും എം.എസ്. ഫൈസൽ ഖാൻ പറഞ്ഞു.