
തിരുവനന്തപുരം : പ്രവാസികളാണ് ആധുനിക കേരളത്തിന്റെ സ്വത്വം രൂപപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ചതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കൗമുദി ടി.വി സംഘടിപ്പിച്ച പ്രവാസി സംഗമവും പ്രതിഭാപുരസ്ക്കാര വിതരണവും ഹോട്ടൽ ഡിമോറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹം, സമ്പദ്‌വ്യവസ്ഥ, സംസ്ക്കാരം എന്നിവ രൂപപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് വലിയ പങ്കുണ്ട്. സാമുദായിക സഘടനകളിലൂടെയും രാഷ്ട്രീയ പങ്കാളിത്തത്തിലൂടെയും പ്രവാസികൾ നാട്ടിൽ ശക്തമായ ബന്ധം നിലനിറുത്തുന്നു. വലിയ സാമ്പത്തിക ഉത്തേജനമാണ് പ്രവാസികൾ നൽകുന്നത്. വികസനം, ജീവകാരുണ്യം തുടങ്ങിയ പ്രവർത്തനങ്ങളിൽ കൂടുതൽ സഹായം നൽകുന്നതും ഇക്കൂട്ടരാണ്. പ്രവാസികളുടെ സംഭാവന അംഗീകരിച്ച് കൂട്ടായ്മ സംഘടിപ്പിച്ച 'കേരളകൗമുദി'യുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യാഥിതിയായി. നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കൊളശേരി മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രവാസികൾക്ക് പ്രവാസി പ്രതിഭാ പുരസ്ക്കാരങ്ങൾ മന്ത്രി സമ്മാനിച്ചു. ദുബായ് ഗോൾഡ് ആൻഡ് ഡയമൻഡ്സിന് വേണ്ടി ഡയറക്ടർ അബ്ദുൾ അസീസ്.എ, ഹോട്ട് ബർഗർ ഗ്രൂപ്പ് ചെയർമാൻ നാസർ നെല്ലോളി, റീഗേറ്റ് ബിൾഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പോൾ തോമസ്, എഴുത്തുകാരനും സിനിമാ നിർമ്മാതാവുമായ മൻസൂർ പല്ലൂർ, ഇന്റിമസി ഹീലിംഗ് വില്ലേജ് സ്ഥാപന മാനേജിംഗ് ഡയറക്ടർ ഗുരു യോഗി ശിവൻ, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സലിം പള്ളിവിള എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങി. കേരളകൗമുദി ജനറൽ മാനേജർമാരായ എ.ജി.അയ്യപ്പദാസ്, ഷിറാസ് ജലാൽ എന്നിവർ സംസാരിച്ചു. കൗമുദി ടി.വി ആൻഡ് ഡിജിറ്റൽ ന്യൂസ് ഹെഡ് ലിയോ രാധാകൃഷ്ണൻ സ്വാഗതവും കൗമുദി ടി.വി നോർത്ത് റീജിയൺ ഹെഡ് രജീഷ്.കെ.വി നന്ദിയും പറഞ്ഞു.