anu

നെടുമങ്ങാട്; കെ.എസ്.ഇ.ബിയുടെ സർവീസ് വയറിൽ നിന്ന് ഷോക്കേറ്റു മരിച്ച പെയിന്റിംഗ് തൊഴിലാളിയുടെ കുടുംബം ദുരിതത്തിൽ. കഴിഞ്ഞദിവസം പേരുമല സ്വദേശി അരുണിന്റെ വീട്ടിൽ പെയിന്റിംഗിനിടെ മരിച്ച മഞ്ച പുന്നവേലിക്കോണത്ത് ഡി.എസ് അനുവിന്റെ (38) ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുമാണ് അനാഥരായത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അനു. വൈദ്യുതി പോസ്റ്റിൽ നിന്നും വീടിനു മുകളിലൂടെ വലിച്ചിരുന്ന കാലപ്പഴക്കം ചെന്ന സർവീസ് വയറിൽ നിന്ന് ഷോക്കേറ്റാണ് അനു മരിച്ചത്. മികച്ച ക്രിക്കറ്റ് കളിക്കാരനും വിപുലമായ സുഹൃത് വലയത്തിനുടമയുമായിരുന്നു അനു. ബന്ധുവിന്റെ സ്ഥലത്ത് കുടിൽ കെട്ടിയാണ് ഭാര്യ അതുല്യക്കും മക്കളായ അഭിജിത്,അശ്വജിത് എന്നിവർക്കൊപ്പം താമസിച്ചിരുന്നത്. അനുവിന്റെ വേർപാടോടെ മൂന്നംഗ കുടുംബം ഇനി എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. മന്ത്രി ജി.ആർ.അനിൽ ഉൾപ്പെടെ നിരവധി പ്രമുഖർ അനുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. കെ.എസ്.ഇ.ബിയുടെ അനാസ്ഥയുടെ ഇരയാണ് അനുവെന്നും കുടുംബത്തെ സംരക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്നും നാട്ടുകാരും സുഹൃത്തുക്കളും ആവശ്യപ്പെടുന്നു.