വെള്ളനാട്: തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് വനിതകൾ ഉൾപ്പെടെ 30ഓളം തൊഴിലാളികൾക്ക് പരിക്കേറ്റു.11 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുളയറ സ്വദേശികളായ സഹദേവൻ പിള്ള (68),രഘുവതിയമ്മ (63),എസ്തർ (58),സുമതി (58),മഞ്ജു (51),സരോജിനി (70),ഓമന (62),സുശീല (58),സിസിലി ഭായി (75), നാൻസിഭായി (75),ബീന (56) എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ രാവിലെ 11.30ഓടെ അരുവിക്കര പഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽ കരുനെല്ലിയോട്ടെ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ പറമ്പിലെ പുല്ലിനിടയിലെ കടന്നൽ കൂട്ടിൽ മൺവെട്ടി കെ‌ാണ്ടുള്ള വെട്ടേറ്റതാണ് കടന്നലുകൾ ഇളകാൻ ഇടയായത്. ഇതുകണ്ട് തെ‌ാഴിലാളികൾ ചിതറിയോടി. കൂടുതൽ പേർക്കും മുഖത്താണ് പരിക്കേറ്റത്. 42 തെ‌ാഴിലാളികളിൽ കൂടുതലും പ്രായമേറിയവരായിരുന്നു. ഭയന്നോടി വീണും തൊഴിലാളികൾക്ക് പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.