വെള്ളനാട് : ചിട്ടി പിടിച്ച തുകയും ഫിക്സഡ് ഡിപ്പോസിറ്റും ആവശ്യപ്പെട്ട് മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് സഹകരണ സംഘത്തിൽ ഇടപാടുകാരുടെ പ്രതിഷേധം. ഇന്നലെ രാവിലെ 11.30 ഓടെയാണ് പ്രതിഷേധമുണ്ടായത്. സംഘത്തിലെ ഉദ്യോഗസ്ഥർ വ്യാജ രേഖ ചമച്ച് കോടികൾ തട്ടിയെടുത്തതായി നിക്ഷേപകർ ആരോപിച്ചു. നെടുമങ്ങാട് അസിസ്റ്റന്റ് രജിസ്ട്രാർക്കും പൊലീസിലും പരാതി നൽകിയതിനെ തുടർന്ന് നെടുമങ്ങാട് എ.ആറിന്റെ നേതൃത്വത്തിൽ സംഘത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ ഉൾപ്പെടെയുള്ളവർ സംഘത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. എ.ആറും അരുവിക്കര പൊലീസും സംഘം സെക്രട്ടറിയും തമ്മിൽ നടത്തിയ ചർച്ചയിൽ അത്യാവശ്യമുള്ളവർക്ക് അടുത്ത 1 മുതൽ 5 വരെ പണം തിരികെ നൽകുമെന്നും മറ്റുള്ളവർക്ക് ഘട്ടങ്ങളായി നൽകാനും തീരുമാനിച്ചു.