 ബിനോയ് വിശ്വത്തിന് പരാതി നൽകി സി.പി.ഐ പേട്ട എൽ.സി സെക്രട്ടറി

തിരുവനന്തപുരം: പേട്ട കെപ്‌കോ ഔട്ട്‌ലെറ്റിലെ താത്കാലിക നിയമനങ്ങളിൽ അഴിമതി ആരോപണമുന്നയിച്ച് സി.പി.ഐ പ്രാദേശിക നേതൃത്വം. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ ബി.ജെ.പി,കോൺഗ്രസ് പ്രവർത്തകർക്ക് നിയമനം നൽകിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പേട്ട ലോക്കൽ സെക്രട്ടറി അജനാണ് പരാതി നൽകിയത്.
പാർട്ടി തിരുവനന്തപുരം മണ്ഡലം നേതൃത്വം ജില്ലാ കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ചാണ് യുവാക്കൾക്ക് ജോലി വാങ്ങി നൽകിയതെന്നും ഇതിന് പിന്നിൽ സാമ്പത്തിക ഇടപാടുണ്ടെന്നുമുള്ള പരാതി നൽകിയെന്നാണ് വിവരം. മൂന്നുപേർക്കാണ് ഇത്തരത്തിൽ കെപ്‌കോ ഔട്ട്‌ലെറ്റിന്റെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി നൽകിയത്. പേട്ട ലോക്കൽ കമ്മിറ്റി അറിയാതെയാണ് ഇവരെ തിരുകിക്കയറ്റിയത്, ഇതിൽ പാൽക്കുളങ്ങര സ്വദേശിയായ സജീവ ബി.ജെ.പി പ്രവർത്തകൻ തനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടുള്ള ആളൊണെന്നും ഇക്കാര്യം സംസ്ഥാന സെക്രട്ടറി അന്വേഷിക്കണമെന്നും അജന്റെ പരാതിയിൽ പറയുന്നു.