
തിരുവനന്തപുരം: നിയമസഭാ പ്രവർത്തനത്തിലെ ജനാധിപത്യപരമായ രീതികളെ തകർക്കുന്ന പ്രവർത്തനങ്ങളാണ് പ്രതിപക്ഷത്തിന്റേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. കോൺഗ്രസ്-ലീഗ്-എസ്.ഡി.പി.ഐ-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത്. പി.വി അൻവറെ ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രീയ നാടകം അരങ്ങേറുന്നത് ഇതിന്റെ ഭാഗമായാണ്.
മലപ്പുറത്തെ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയപ്പോൾ ചർച്ചക്ക് തയ്യാറായിട്ടും സഭ തടസ്സപ്പെടുത്തിയ നടപടി ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ആർ.എസ്.എസ് വിരുദ്ധത വാക്കുകളിൽ പോലും പ്രകടിപ്പിക്കാത്തവരാണ് യു.ഡി.എഫ്. മലപ്പുറത്തെ കേന്ദ്രീകരിച്ച് നടത്തുന്ന ചർച്ചകളിലൂടെ തങ്ങളുടെ മുഖംമൂടി അഴിയുമെന്ന് മനസിലാക്കിയ അവർ ചർച്ചകൾ ഒഴിവാക്കി മാദ്ധ്യമങ്ങളെ ഉപയോഗിച്ച് പിടിപ്പുകേട് മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നിയമസഭ ബഹിഷ്‌ക്കരണത്തിലൂടെ ഉണ്ടായത്. അൻവറിന്റെ ജില്ല വിഭജനമുൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ മതരാഷ്ട്ര കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളാണെന്നും ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും സെക്രട്ടേറിയറ്റ് പ്രസ്താനവയിൽ പറഞ്ഞു.