mm-hassan

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്ഘടനയെ നിലനിറുത്തിയിരിക്കുന്നത് പ്രവാസികളാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. കൗമുദി ടിവി സംഘടിപ്പിച്ച പ്രവാസി സംഗമത്തിലും പ്രതിഭാ പുരസ്കാര വിതരണ ചടങ്ങിലും അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

2.16 ലക്ഷം കോടിയാണ് കേരളത്തിലേക്ക് പ്രവാസികളിലൂടെ ഒഴുകിയെത്തുന്നത്. വ്യവസായത്തിലൂടെയോ ടൂറിസത്തിലൂടെയോ ഇത്രയും വരുമാനം കേരളത്തിന് ലഭിക്കുന്നില്ല. പ്രവാസികൾ എക്കാലവും പ്രയാസം നേരിടുന്നവരാണ്. വോട്ടവകാശം വേണമെന്ന പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമുണ്ടാകണം. ഇതിനാവശ്യമായ നിയമ ഭേദഗതികളുണ്ടാകണം.

പ്രവാസികളാണ് കേരളത്തിന്റെ സമസ്ത മേഖലകളിലും നിർണായക ശക്തി. ഇത്തരമൊരു സമൂഹം ആവശ്യപ്പെടുന്ന ചെറിയ കാര്യങ്ങൾ നിറവേറ്റി നൽകാൻ എല്ലാവർക്കും ബാദ്ധ്യതയുണ്ട്. പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്നവർക്ക് വേണ്ട സഹായങ്ങളെല്ലാം ഉറപ്പാക്കണം. മടങ്ങിയെത്തുന്ന പ്രവാസികളുടെ ചികിത്സ, പെൻഷൻ, മക്കളുടെ വിവാഹം എന്നിവയ്ക്ക് നോർക്ക ഇന്ന് നല്ലരീതിയിൽ പിന്തുണ നൽകുന്നു.

വിദേശത്ത് കേസുകളിൽപ്പെടുന്നവർക്ക് നിയമസഹായവും ഏർപ്പെടുത്തണം. വിദേശമലയാളികൾക്ക് അർഹതപ്പെട്ടത് നൽകാൻ കഴിയണം. പ്രതികൂല സാഹചര്യങ്ങളിൽ വ്യവസായങ്ങൾ നടത്തിയാണ് അവർ വിജയം കൈവരിക്കുന്നത്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിരവധി സംഭാവനകൾ നൽകിയ കേരളകൗമുദി പ്രവാസികളുടെ സംഗമം സംഘടിപ്പിച്ചത് പ്രശംസനീയമാണ്.