malinyam

കഴക്കൂട്ടം: അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിലെ ടൊയ്‌ലെറ്റ് മാലിന്യം നടവഴിയിൽ ഒഴുക്കിയതിന് സ്ഥലം ഉടമയ്ക്ക് 50,​000 രൂപ പിഴയീടാക്കി നഗരസഭ നോട്ടീസ്. കഴക്കൂട്ടം ശ്രീനഗറിൽ റെയിൽവേ ലൈനിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. കഴക്കൂട്ടം വിളയിൽക്കുളം സ്വദേശി അശോകന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് താത്കാലിക മുറി നിർമ്മിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയത്. ഇവിടുത്തെ ടോയ്‌ലെറ്റ് മാലിന്യമാണ് മോട്ടർ ഉപയോഗിച്ച് നൂറുകണക്കിന്പേർ ഉപയോഗിക്കുന്ന പാതയിലേക്ക് ഒഴുക്കിയത്. ശനിയാഴ്ച രാത്രി അസഹ്യമായ ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ കഴക്കൂട്ടം പൊലീസിനെയും നഗരസഭ ആരോഗ്യ വിഭാഗത്തെയും അറിയിച്ചു. പൊലീസും നഗരസഭ ഹെൽത്ത് സ്ക്വാഡും സ്ഥലത്തെത്തി മാലിന്യം മണ്ണിട്ട് മൂടാൻ ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ ആരോഗ്യ വിഭാഗം പ്രവർത്തകർ ബ്ലീച്ചിംഗ് പൗഡർ വിതറിയെങ്കിലും മാലിന്യം മണ്ണിട്ടുമൂടുകയോ വഴി പൂർവസ്ഥിതിയിലാക്കുകയോ ചെയ്തില്ല. ഇതോടെയാണ് ഉടമയ്ക്ക് പിഴ ഈടാക്കി നോട്ടീസ് നൽകിയത്.