 
തിരുവനന്തപുരം: ലോകത്തെ 170 രാജ്യങ്ങളിലായി 50ലക്ഷത്തിലധികം മലയാളികളുടെ സാന്നിദ്ധ്യമുണ്ടെന്ന് നോർക്ക സി.ഇ.ഒ അജിത് കൊളശ്ശേരി പറഞ്ഞു. കൗമുദി ടിവി സംഘടിപ്പിച്ച പ്രവാസി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും വികസനത്തിനും പ്രവാസികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. കേരള മൈഗ്രേഷൻ സർവേ പ്രകാരം ജനസംഖ്യയുടെ മൂന്നിലൊന്ന് നേരിട്ടോ അല്ലാതെയോ പ്രവാസികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. 10 കുടുംബങ്ങളെടുത്താൽ നാലു കുടുംബങ്ങളിൽ പ്രവാസികളുണ്ട്. പ്രവാസികളുടെ തിരിച്ചുവരവ് യാഥാർത്ഥ്യമാണ്.
മടങ്ങിയെത്തുന്ന പ്രവാസികളെ മാന്യമായി കേരളീയ സമൂഹത്തിന്റെ ഭാഗമാക്കുന്നതിനു വേണ്ടി നിരവധി നടപടികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്. 2018ലാണ് ഐക്യരാഷ്ട്രസഭ പ്രവാസികൾ മടങ്ങിയെത്തുമ്പോൾ മാന്യമായി പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചത്. എന്നാൽ 2013ൽ തന്നെ കേരളം ഇക്കാര്യം ആലോചിച്ച് നടപ്പാക്കിത്തുടങ്ങി. രാജ്യത്ത് ആദ്യമായി പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ആരംഭിച്ചതും കേരളത്തിലാണ്. വിദേശത്തേക്ക് പോകാനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ഭാഷാപരിശീലനം ഉൾപ്പെടെ നൽകാൻ നോർക്ക സജീവമായ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.