
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കിയ ഉത്തരവിലെ അവ്യക്തത കാരണം മനോജ് എബ്രഹാമിന് ആ ചുമതല ഏറ്റെടുക്കാനായില്ല.എന്നാൽ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ചുമതല അനൗദ്യോഗികമായി മനോജ് വഹിച്ചുതുടങ്ങിയിട്ടുണ്ട്.ഇന്റലിജൻസ് മേധാവിക്ക് നിയമസഭ സമ്മേളിക്കുന്നതിനിടെ ആ പദവി ഒഴിയാനാവില്ല.
ഇന്റലിജൻസ് തലപ്പത്ത് മറ്റേതെങ്കിലും എ.ഡി.ജി.പിയെ നിയമിക്കും വരെ തുടരേണ്ടി വരും.
പൊലീസിന്റെ വീഴ്ചകളടക്കം കണ്ടെത്തേണ്ടത് ഇന്റലിജൻസ് വിഭാഗമാണ്. അതിനാൽ ക്രമസമാധാനം, ഇന്റലിജൻസ് ചുമതലകളിൽ ഒരേ ഉദ്യോഗസ്ഥൻ പാടില്ല. ഇന്റലിജൻസിന് പുതിയ മേധാവിയെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രാദേശികമായി വിവരങ്ങൾ ശേഖരിക്കേണ്ടതിനാലും ബന്ധങ്ങളുണ്ടാക്കേണ്ടതിനാലും മലയാളിയെ നിയമിക്കാനാണ് സാദ്ധ്യത. എ.ഡി.ജി.പിമാരായ എസ്.ശ്രീജിത്ത് (പൊലീസ് ആസ്ഥാനം), പി.വിജയൻ (പൊലീസ് അക്കാഡമി) എന്നിവർക്കാണ് സാദ്ധ്യത. ജയിൽ മേധാവി ബൽറാംകുമാർ ഉപാദ്ധ്യായ, എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് എന്നിവരും പരിഗണനയിലാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിനിമയിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ചും പൂരം കലക്കലിലെ ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം നയിക്കുന്നതിനാൽ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിനെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നത് സർക്കാരിനെ കുഴയ്ക്കുന്നുണ്ട്. അജിത്കുമാർ ഇന്നലെ ബറ്റാലിയൻ ആസ്ഥാനത്തെ ഓഫീസിലെത്തി. നേരത്തേ ബറ്റാലിയന്റെ അധികചുമതല അജിത്തിനായിരുന്നു. അത് സ്ഥിരപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്തത്.