
തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങിയ മന്ത്രി വി.ശിവൻകുട്ടിയെ മുഖ്യമന്ത്രി തടഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കുന്നതിൽ നിന്ന് ദൃഷ്ടി പിൻവലിക്കാതെ ശിവൻകുട്ടിയെ മുഖ്യമന്ത്രി തടയുന്ന ദൃശ്യം സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായി.
സ്പീക്കർക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു സംഭവം. തന്റെ ഇടതുവശത്തുകൂടി ശിവൻകുട്ടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങുന്നത് ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി പ്രസംഗം നിറുത്താതെ തന്നെ ശിവൻകുട്ടിയുടെ കൈയിൽ പിടിച്ച് പിന്നോട്ട് വലിക്കുകയായിരുന്നു. സൂചന മനസിലാക്കിയ ശിവൻകുട്ടി തിരികെ സീറ്റിലേക്കു മടങ്ങി. 2015 മാർച്ച് 13ന് മന്ത്രിയായിരുന്ന കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെ സഭയിൽ നടന്ന കയ്യാങ്കളിയിൽ ശിവൻകുട്ടി പ്രതിയാണ്.