തിരുവനന്തപുരം: ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവിനെ കോടതി വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തം കഠിന തടവിനും ഒൻപത് ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ പ്രതി മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം.വർക്കല നഗരൂർ വെള്ളല്ലൂർ ചരുവിള വീട്ടിൽ അട്ടപ്പൻ എന്ന അജിയെയാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് ജഡ്ജി പ്രസൂൻ മോഹൻ ശിക്ഷിച്ചത്.
മടവൂർ സീമന്തപുരം മയിലാടും പൊയ്കയിൽ വീട്ടിൽ അമ്പിളിയാണ് (33) കൊല്ലപ്പെട്ടത്.2017 ഫെബ്രുവരി 10ന് പുലർച്ചെ നാവായിക്കുളം ചിറ്റായിക്കോട് ഉദയഗിരി ബീനാ ഭവനിലായിരുന്നു സംഭവം.അജിയുമായി അകന്ന് കഴിയുകയായിരുന്ന അമ്പിളി ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് അജിയെ ഭയന്ന് ചിറ്റായിക്കോടുള്ള കൂട്ടുകാരി ബീനയുടെ വീട്ടിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്നു അമ്പിളി.ആ വീട്ടിൽ അതിക്രമിച്ചുകയറിയ അജി കൂടെ വരാൻ അമ്പിളിയെ നിർബന്ധിച്ചു.വിസമ്മതിച്ചതോടെ അടുത്ത വീടിന്റെ മുറ്റത്ത് വച്ചിരുന്ന ബൈക്കിൽനിന്നു പെട്രോളെടുത്ത് അമ്പിളിയെ തീവച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതി പിഴത്തുക ഒടുക്കിയാൽ അതിൽനിന്ന് നാലര ലക്ഷം രൂപ വീതം കൊല്ലപ്പെട്ട അമ്പിളിയുടെ മക്കളായ സോനയ്ക്കും സോനുവിനും നൽകാൻ കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.കെ.വേണി ഹാജരായി.