തിരുവനന്തപുരം: വൃന്ദാവനത്തെ യമുനാ തീരത്ത് ശ്രീകൃഷ്ണനും ഗോപികമാരും തമ്മിലുള്ള രാസലീലകൾ ഭാവചലനങ്ങളിലൂടെ തലസ്ഥാനവാസികളെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ച് നടിയും നർത്തകിയുമായ ശോഭനയുടെ നൃത്താവിഷ്കാരം. ത്യാഗരാജ സ്വാമികളുടെ കൃതികളിൽ നിന്ന് ചില ഭാഗങ്ങൾ കോർത്തിണക്കി നൗകചരിതം എന്ന പേരിൽ അവതരിപ്പിച്ച നൃത്ത നാട്യരൂപത്തിലൂടെയാണ് ശോഭന കാണികളുടെ ഹൃദയം കീഴടക്കിയത്. സൂര്യ ഫെസ്റ്റിവലിൽ ഇന്നലെ വൈകിട്ട് 6.45ന് എ.കെ.ജി ഹാളിലായിരുന്നു ശോഭനയുടെ ഭരതനാട്യം.

ഭരതനാട്യത്തിന്റെ പാരമ്പര്യ തനിമയിൽ നിന്നുകൊണ്ടാണ് ബാലകൃഷ്ണ- ഗോപികമാർ നടത്തുന്ന ലീലകളുടെ പകർന്നാട്ടം മാന്ത്രിക ചുവടുകളിലൂടെ ശോഭന നടത്തിയത്. യമുനയിലൂടെ ഒഴുകിവരുന്ന ഒരു വള്ളത്തിൽ ഗോപികമാർ തുഴയാൻ പോകുന്നതും ശ്രീകൃഷ്ണൻ തടയുന്നതുമായ ഭാഗം മിന്നിമറയുന്ന ഭാവങ്ങളിലൂടെയും ചുവടുകളിലൂടെയും ശോഭന അവതരിപ്പിച്ചു. ഭരതനാട്യത്തിന്റെ തനത് ഇനമായ മല്ലാരിയിലൂടെയായിരുന്നു തുടക്കം. ദേവീഭക്തിയുടെ പരകോടിയിൽ നിന്ന് ശൃംഗാര ഭാവത്തോടെ ഇറങ്ങിവന്ന ശോഭനയുടെ ഭാവാഭിനയവും കാണികളെ വിസ്മമയത്തിലാക്കി. ശോഭനയുടെ ശിഷ്യ ശ്രീവിദ്യയും മറ്റൊരു ഭരതനാട്യം അവതരിപ്പിച്ചു.

ഇന്ന് വൈകിട്ട് 6.45ന് നടിയും നർത്തകിയുമായ നവ്യനായർ എ.കെ.ജി ഹാളിൽ ഭരതനാട്യം അവതരിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ നടിമാരായ ലക്ഷ്മി ഗോപാലസ്വാമിയും ആശാശരത്തും ഭരതനാട്യം അവതരിപ്പിക്കും.