road

കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ കള്ളിയൽ-തേമ്പാമൂട് റോഡ് തകർന്നു. കള്ളിയൽ ജംഗ്ഷനിൽ നിന്നും തേമ്പാമൂട് പരുത്തിപ്പള്ളി വഴിയുള്ള റോഡാണ് തകർന്നു തരിപ്പണമായിക്കിടക്കുന്നത്.

ഇതുവഴി വർഷങ്ങളായി കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഒരു ബസ് സർവീസ് രാവിലെയുണ്ട്. റോഡിലെ മെറ്റൽ പൂർണമായി ഇളകിമാറി. ഈ റോഡിലൂടെ സർവീസ് നടത്താൻ കഴിയില്ലെന്ന് ട്രാൻസ്പോർട്ട് അധികൃതർ പറയുന്നു.കൂടാതെ റോഡിന്റെ ഇരുവശങ്ങളിലും കാട് മൂടിയ സ്ഥിതിയായതിനാൽ റോഡിന്റെ സൈഡ് പോലും കാണാൻ കഴിയുന്നില്ല.ഇതുകാരണം എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും കഴിയാത്ത സ്ഥിതിയാണ്.

റോഡുപണി പൂർത്തിയാക്കണം

കേന്ദ്രസർക്കാരിന്റെ ഗ്രാമീണ സടക്ക് യോജന പദ്ധതി പ്രകാരം കൊടുക്കറ കള്ളിയൽ-തേമ്പാമൂട്-പരുത്തിപ്പള്ളി വഴി കല്ലാമത്തേക്കുള്ള റോഡുപണി നടത്താനായി വർഷങ്ങൾക്ക് മുൻപ് തീരുമാനിച്ചതാണ്. എന്നാൽ റോഡിന്റെ സൈഡ് വാൾ കെട്ടുന്ന ജോലി മാത്രമാണ് പല സ്ഥലത്തായി നടക്കുന്നത്. റോഡുപണി അടിയന്തരമായി പൂർത്തിയാക്കി ഗതാഗത സംവിധാനം നിലനിറുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.