രജനിയുടെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപനം

കമൽഹാസൻ നായകനായ തഗ് ലൈഫിനു ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്ത്. 33 വർഷത്തിനു ശേഷം രജനികാന്തും മണിരത്നവും ഒരുമിക്കുന്ന ചിത്രം കൂടിയാണ്.
1991ൽ ദളപതി എന്ന ചിത്രത്തിലൂടെയാണ് മണിരത്നവും രജനികാന്തും ഒരുമിക്കുന്നത്. വൻവിജയം നേടിയ ദളപതിക്കുശേഷം ഈ കൂട്ടുകെട്ട് ഒരുമിച്ചിട്ടില്ല. രജനിയും മമ്മൂട്ടിയും മുഖാമുഖം നിറഞ്ഞുനിന്ന ദളപതിയിലൂടെയാണ് മനോജ് കെ. ജയൻ ആദ്യമായി തമിഴിൽ എത്തുന്നത്. അരവിന്ദ് സ്വാമി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ്. രജനികാന്തിന്റെ പിറന്നാൾ ദിനമായ ഡിസംബർ 12ന് ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. മണിരത്നവും രജനികാന്തും വീണ്ടും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് തലൈവർ ആരാധകർ. 37 വർഷത്തിനുശേഷം കമൽഹാസനും മണിരത്നവും ഒരുമിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. നായകൻ എന്ന മാസ്റ്റർ പീസ് ചിത്രത്തിനുശേഷം കമലും മണിരത്നവും ഒരുമിക്കുന്ന തഗ് ലൈഫിൽ തൃഷയാണ് നായിക. അതേസമയം ടി.ജെ. ജ്‌ഞാനവേൽ രചനയും സംവിധാനവും നിർവഹിക്കുന്ന വേട്ടൈയ്യൻ ആണ് റിലീസിന് ഒരുങ്ങുന്ന രജനിചിത്രം. നാളെ ചിത്രം റിലീസ് ചെയ്യും. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന കൂലി ആണ് ചിത്രീകരണം പുരോഗമിക്കുന്ന രജനി ചിത്രം. ഹൈദരാബാദ് ആണ് കൂലിയുടെ പ്രധാന ലൊക്കേഷൻ . ജയിലർ 2 ആണ് രജനിയുടെ മറ്റൊരു പ്രോജക്ട്. ജയിലറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ജയിലർ 2 വമ്പൻ പ്രതീക്ഷ നൽകുന്നു.