photo

നെയ്യാറ്റിൻകര: വെൺകുളം മാലിന്യത്തിൽ മൂടിയിട്ടും വൃത്തിയാക്കാൻ നടപടിയില്ല. ത്വക്ക് രോഗഭീഷണിയിൽ പ്രദേശവാസികൾ വലയുകയാണ്. കുളത്താമൽ വാർഡിൽ വെൺകുളത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ഏക്കറോളം വിസ്തൃതിയുള്ള ജലസ്രോതസാണ് വെൺകുളം. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണീകുളം. അമരവിള മാരായമുട്ടം റോഡിനോടു ചേർന്ന് കിടക്കുന്ന കുളത്തിൽ നിലവിൽ പായലും മറ്റു പാഴ്ച്ചെടികളും വശങ്ങളിൽ പാഴ്‌മരങ്ങളും ചെടികളും വളർന്ന് നാട്ടുകാർക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

ത്വക്‌രോഗ ഭീഷണിയിൽ

കുളിക്കുമ്പോൾ ശാരീരികബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. 2 മാസം മുൻപ് മീനുകൾ ചത്ത് പൊങ്ങിയിരുന്നു. സമീപത്തെ ആശുപത്രികളിൽ നിന്നും മാസ്ക്കുകളും ഇവിടെ വലിച്ചെറിയുകയാണ്. ഈ കുളത്തിനെയാണ് പരിസരവാസികളായ നിരവധിപേർ അവരുടെ ജലസ്രോതസ്സായി ഉപയോഗിക്കുന്നതും. പരിസരത്തെ കിണറുകളിലും മറ്റുമെത്തുന്നത് ഈ ഉറവയിൽ നിന്നുള്ള ജലമാണ്.

വേനൽക്കാലത്തെ ആശ്രയം

നെയ്യാറ്റിൻകര നഗരസഭയിലെ കുളത്താമ്മൽ, മരുതത്തൂർ, തവരവിള രാമേശ്വരം വാർഡുകളിലെ കൃഷിക്കാർ ഈ കുളത്തിലെ വെള്ളം ഉപയോഗപ്പെടുത്തിയാണ് കൃഷിചെയ്യുന്നത്. വയലുകളിലേക്ക് തുറന്നുവിടുന്ന ജലം കൊണ്ടാണ് വാഴ, വെള്ളരി, ചീര തുടങ്ങി നിരവധി കൃഷികൾ കർഷകർ ചെയ്യുന്നത്.

കൃഷിക്കാരുടെ ഏറ്റവും വലിയ ജലസ്രോതസായ വെൺകുളത്തിൽ കടുത്ത വേനലിലും വെള്ളം ലഭ്യമാണെന്നത് ശ്രദ്ധേയമാണ്. ഇത് കർഷകർക്ക് ഉപയോഗയോഗ്യമായി തീരുന്നു.

വേനൽക്കാലത്ത് കൃഷി ചെയ്യുന്നതിന് കർഷകരുടെ വലിയ ആശ്രയമാണ് വെൺകുളം.

കുളത്തെ മലിനമാക്കുന്നു

നെയ്യാറ്റിൻകര നഗരസഭ വെൺകുളത്തെ മീൻ വളർത്തുന്നതിന് അനുവദിച്ചിരുന്നെങ്കിലും മീൻ വളത്തലുകാർ ഈ കുളത്തിൽ മീനുകൾക്ക് പഴക്കം ചെന്ന ആഹാര അവശിഷ്ടങ്ങൾ കൊണ്ടിട്ട് കുളത്തെ മലിനമാക്കുന്നുണ്ട്. നിലവിൽ മത്സ്യകൃഷിക്ക് പാട്ടത്തിനെടുത്ത ആളെപ്പറ്റി വിവരാവകാശനിയമം വഴി നെയ്യാറിൻകര നഗരസഭ അധികൃതരോട് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി കിട്ടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുളം നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.