കല്ലമ്പലം: നാവായിക്കുളത്ത് 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റു.എതുക്കാട് ഏറത്ത് വീട്ടിൽ ശാന്ത,കുഴിനെല്ലൂർ കാട്ടുവിള വീട്ടിൽ രാജി,ഓമന,കാവനാട്ടുകോണം സ്വദേശി രമണി,മറ്റ് മൂന്നുപേർ തുടങ്ങി ഏഴ് പേർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഒരു നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.

നാവായിക്കുളം പഞ്ചായത്തിലെ എതുക്കാട്,ആൽത്തറ,കുഴിനല്ലൂർ ഭാഗങ്ങളിലാണ് തെരുവ് നായ ഭീതി പരത്തിയത്. പലരും നായയുടെ കടിയേൽക്കാതെ തലനാരിഴയ്ക്കാണ്‌ രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം വൈകിട്ട് 4 ഓടെയായിരുന്നു സംഭവം.പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.പേവിഷബാധയുള്ള നായയാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.ഏറെനേരം തിരഞ്ഞിട്ടും നായയെ കണ്ടെത്താൻ കഴിയാത്തതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വാർഡ്‌ മെമ്പർ അറിയിച്ചു.