1

വിഴിഞ്ഞം: പഴമ ഒട്ടും കൈവിടാതെ നാല് തലമുറകളുടെ കൈപ്പുണ്യവുമായി വിഴിഞ്ഞം കിടാരക്കുഴി ഉച്ചക്കടയിലെ സുധാകരൻ ചേട്ടന്റെ ചായക്കട. കിടാരക്കുഴി ചന്തവിളാകത്ത് വീട്ടിൽ സുധാകര(65)ന്റെ അച്ഛന്റെ മുത്തച്ഛൻ പൊടിവ്യാപാരി നടത്തിവന്ന ഹോട്ടൽ മകൻ കേശവൻ നാടാർക്കും പിന്നീട് ചെല്ലൻ നാടാർക്കും കൈമാറി. 18 വർഷം മുമ്പ് ചെല്ലൻ നാടാർ മകൻ സുധാകരന് കൈമാറിയ ചെറിയ ചായക്കട ഇന്നും പഴമയുടെ പ്രൗഢിയോടെ നിലനിൽക്കുന്നു,​ അതേ ഓലപ്പുരയിൽ. കട തുടങ്ങിയതുമുതൽ പതിറ്റാണ്ടുകളോളം വെളിച്ചം നൽകിയ പെട്രോൾമാക്സാണ്. നഗരസഭയുടെ നിർബന്ധത്തിന് വഴങ്ങി അന്നത്തെ മൺചുവരുകൾ നിലവിൽ സിമന്റ് പ്ലാസ്റ്റർ ചെയ്തതൊഴിച്ചാൽ മേൽകൂര പഴയപടിതന്നെ.

ചായക്കടയ്ക്ക് സമീപം മുമ്പ് അന്തിക്കടയെന്ന മാർക്കറ്റ് ഉണ്ടായിരുന്നപ്പോൾ ഉച്ചയൂണ് നൽകിയിരുന്നു. ചന്തയുടെ പ്രവർത്തനം നിലച്ചപ്പോൾ ഊണും നിറുത്തി. രാവിലെ 6 മുതൽ 11വരെയും വൈകിട്ട് 3 മുതൽ 7 വരെയുമാണ് പ്രവർത്തനം. ലഘു നാടൻ ഭക്ഷണമാണ് ഇവിടുത്തെ മുഖ്യൻ. സമീപത്തൊക്കെ വൻകിട ഹോട്ടലുകൾ എത്തിയെങ്കിലും ഈ ചായക്കട ഇപ്പോഴും സ്റ്റാർ തന്നെ. ഓലമേയുന്നതിന് 8000 ത്തോളം രൂപ ചെലവ് വരുന്നുണ്ടെങ്കിലും പരമ്പരാഗതമായി കൈമാറിക്കിട്ടിയ കടയ്ക്ക് ഷീറ്റ് മേയാൻ ഉടമ തയാറല്ല. ഈ കടയിലെ വരുമാനത്തിൽനിന്നാണ് മൂന്നു മക്കളെയും വളർത്തിയതും പെൺമക്കളെ വിവാഹം കഴിപ്പിച്ചതും. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും ഭാര്യയും നായിക ഷീലയും ഇവിടെ വന്ന് ഭക്ഷണം കഴിച്ചതുമൊക്കെ അഭിമാനത്തോടെ പറയുകയാണ് സുധാകരൻ. ഭാര്യ സുജാതയാണ് സഹായി. വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽവേ പാതയ്ക്ക് സ്ഥലമെടുക്കുമ്പോൾ കട നഷ്ടപ്പെടുമോ എന്ന ദുഃഖത്തിലാണ് ഇപ്പോൾ സുധാകരൻ.