
മലയാള സംഗീതത്തിലെ നിത്യനൂതനമായൊരു ഈണമാണ് എം.എസ് ബാബുരാജ്. നിലയ്ക്കാത്ത ഗംഗാ പ്രവാഹം പോലെയായിരുന്നു ആ സംഗീതം. മൊബൈൽ ഫോണും ഇന്റർനെറ്റും ഒന്നുമില്ലാതിരുന്ന കാലത്ത് മലയാളിയുടെ ചുണ്ടിൽ ഈണമിട്ടിരുന്ന ഗാനങ്ങൾ ഇന്നും വിസ്മൃതിയിലാണ്ടു പോകാതെ നിലനിൽക്കുന്നു. മലയാളിയുടെ ആനന്ദവും ആഹ്ളാദവും അലതല്ലിയ ഈണം മധുരതരമായത് ജീവിതവ്യഥകളുടെ ദുഃഖരാഗങ്ങൾ പൊഴിച്ചപ്പോഴായിരുന്നു. ബാബുരാജിന്റെ ഗാനങ്ങൾ പിൽക്കാല സിനിമകളിൽ പുതുഗായകരും ആസ്വദിച്ചു പാടുകയാണ്. പാടിത്തീരാത്ത ഈണങ്ങൾ ബാക്കിവച്ച മുഹമ്മദ് സാബിർ ബാബു എന്ന ബാബുരാജ് മടങ്ങിപ്പോയിട്ട് കഴിഞ്ഞ ഒക്ടോബർ ഏഴിന് നാല്പത്തിയാറ് വർഷങ്ങൾ കടന്നിരിക്കുന്നു.
തെരുവിന്റെ
ഗായകൻ
സംഗീതപരിപാടികൾക്കായി കൊൽക്കത്തയിൽ നിന്ന് കോഴിക്കോട്ടെത്തിയ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ജാൻ മുഹമ്മദിന്റെയും ആ നാട്ടുകാരിയായ ഫാത്തിമയുടെയും പുത്രനാണ് മുഹമ്മദ് സാബീർ ബാബു. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട അനാഥബാലന് തുണയായത് പിതാവിൽ നിന്ന് പകർന്നു കിട്ടിയ സംഗീതജ്ഞാനമായിരുന്നു. കോഴിക്കോട്ടെ തെരുവുകളിലും കവലകളിലും തന്റെ വയറ്റത്തടിച്ചൊതുക്കിയ താളമേളങ്ങളോടെ പാട്ടുകൾ അവൻ പാടി. സാബിർ ബാബുവിന്റെ സംഗീതസിദ്ധി കണ്ട് കുഞ്ഞുമുഹമ്മദ് എന്ന പൊലീസുകാരൻ അവന് സംരക്ഷകനായി.
അവിടെ കിട്ടിയ കൂട്ടുകാരാണ് ലെസ്ളി ആൻഡ്രൂസും (പിന്നീട് കോഴിക്കോട് അബ്ദുൾഖാദർ) പ്രശസ്ത നാടകകൃത്തായിത്തീർന്ന കെ.ടി. മുഹമ്മദും. മൂവരും ചേർന്ന് സർഗാത്മകതയുടെ ഒരു ത്രിവേണീ സംഗമമാണ് ഭാവിയിൽ അണിയിച്ചൊരുക്കിയത്. മലബാറിലെ പുരോഗമന പ്രസ്ഥാന യോഗങ്ങളിൽ, നാടെങ്ങും നടക്കുന്ന ഗാനമേളകളിൽ, ആഘോഷവേളകളിലൊക്കെ സാബിർ ബാബുവും അബ്ദുൾ ഖാദറും സംഗീതവിസ്മയം തീർക്കുകയായിരുന്നു. നാല്പതുകളിലും അൻപതുകളിലുമായി അനവധി നാടകഗാനങ്ങൾക്കും ബാബുരാജ് സംഗീതം നൽകി.
പി. ഭാസ് കരനും
ബാബുരാജും
ബാബുരാജിന്റെ സിനിമാ സംഗീത പ്രവേശനത്തിന് കാരണക്കാരായത് കോഴിക്കോട് അബ്ദുൾഖാദറും പി. ഭാസ്കരനുമായിരുന്നു. 1957-ൽ 'മിന്നാമിനുങ്ങ്" എന്ന രാമുകാര്യാട്ട് ചിത്രത്തിലൂടെയായിരുന്നു സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം. ആ ചിത്രത്തിന് ഗാനങ്ങൾ രചിച്ച പി. ഭാസ്കരൻ, ബാബുരാജിന്റെ പിന്നീടങ്ങോട്ടുള്ള സംഗീതയാത്രയിൽ ശക്തിസ്രോതസായിത്തീർന്നു.'മിന്നാമിനുങ്ങി"ൽ എത്തുന്നതിനു മുമ്പ്, 'തിരമാല" (സംഗീതം: വിമൽകുമാർ) എന്ന ചിത്രത്തിലും 'നീലക്കുയിലി"ലും (സംഗീതം: കെ. രാഘവൻ) ബാബുരാജ് സഹ സംഗീത സംവിധായകനായിരുന്നു. തനിമലയാളത്തിന്റെ മണവും രുചിയുമുള്ള ഗാനങ്ങൾ ഒരു ചലച്ചിത്രത്തിൽ ആദ്യമായി കേട്ടത് 'നീലക്കുയിലി"ലായിരുന്നു. 'പി. ഭാസ്കരൻ എന്ന കവി ഇല്ലായിരുന്നെങ്കിൽ ബാബുരാജ് എന്ന സംഗീത സംവിധായകൻ ഉണ്ടാകുമായിരുന്നില്ല" എന്ന് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഒരു സംഗീത സംവിധായകന്റെ മഹത്വം നിലനിൽക്കുന്നത് അദ്ദേഹം സൃഷ്ടിച്ച ഗാനങ്ങളുടെ അമരത്വം കൊണ്ടാണ്; കാലാതിവർത്തിത്വം കൊണ്ടാണ്. 1954-ൽ ഇറങ്ങിയ 'കായലരികത്ത് വലയെറിഞ്ഞപ്പോൾ" (നീലക്കുയിൽ) എന്ന ഗാനവും, 1960-ൽ ഇറങ്ങിയ 'പാട്ടുപാടി ഉറക്കാം ഞാൻ" (സീത) എന്ന ഗാനവും പുതുമ ഒട്ടും ചോരാതെ ഇന്നും നിലനിൽക്കുന്നു.
പ്രിയഗായകൻ
യേശുദാസ്
യേശുദാസും എസ്. ജാനകിയും ബാബുരാജിന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകരായിരുന്നു. ഗാനഗന്ധർവ പദത്തിലേക്കുള്ള യേശുദാസിന്റെ യാത്രയിൽ സുവർണ സോപാനങ്ങളായിരുന്നു ബാബുരാജിന്റെ ഓരോ പാട്ടും. അവയിൽ കാവ്യഗുണംകൊണ്ടും സംഗീതാവിഷ്കാരം കൊണ്ടും ആലാപന മികവുകൊണ്ടും നടുനായകമായി വർത്തിക്കുന്നു, 'താമസമെന്തേ വരുവാൻ...." എന്ന 'ഭാർഗവീനിലയ"ത്തിലെ ഗാനം. ബാബുരാജിന്റെ സംഗീതത്തിൽ യേശുദാസ് ആലപിച്ച 'പ്രാണസഖി ഞാൻ വെറുമൊരു...", 'ഒരു പുഷ്പം മാത്രമെൻ...", 'സുറുമയെഴുതിയ മിഴികളേ....", 'താമരത്തോണിയിൽ താലോലമാടി...", 'കണ്ണീരും സ്വപ്നങ്ങളും...", 'ചന്ദ്രബിംബം നെഞ്ചിലേറ്റും..." തുടങ്ങിയ ഗാനങ്ങൾ അമൂല്യമായ സംഗീത സമ്പാദ്യങ്ങളാണ്.എസ്. ജാനകി എന്ന ഗായികയെയും മലയാളികളുടെ പ്രിയഗായികയാക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് ബാബുരാജിന്റെ ഗാനങ്ങളാണ്.
പാട്ടിനു പുറത്തെ
പരീക്ഷണങ്ങൾ
സിനിമാ ഗാനങ്ങളിലെ വൈവിദ്ധ്യവും നൂതനത്വവും ബാബുരാജ് ഏറെ ഇഷ്ടപ്പെട്ടിരുന്നു. 1966-ൽ ഇറങ്ങിയ 'ചേട്ടത്തി" എന്ന ചിത്രത്തിൽ വയലാർ എഴുതി യേശുദാസ് ആലപിക്കുന്ന 'ആദിയിൽ വചനമുണ്ടായി" എന്ന ഗാനരംഗത്തിൽ അഭിനയിക്കുന്നത് വയലാർ തന്നെയാണ്. 1964-ൽ ഇറങ്ങിയ 'കറുത്ത കൈ" എന്ന ചിത്രത്തിൽ 'കള്ളനെ വഴിയിൽ മുട്ടും" എന്ന ഗാനം ആലപിക്കുന്നത് കേരള സൈഗാൾ എന്നറിയപ്പെട്ട പാപ്പുക്കുട്ടി ഭാഗവതരും യേശുദാസും ചേർന്നാണ്. രണ്ടു കാലത്തെ രണ്ടു പ്രമുഖ ഗായകർ ഒരു ഗാനത്തിൽ ഒന്നിച്ചു.
ഒട്ടനവധി ഗായകർക്ക് അദ്ദേഹം സിനിമയിൽ അവസരങ്ങൾ നൽകി. പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രനെ ഗായകനായി സിനിമയിൽ അവതരിപ്പിച്ചത് ബാബുരാജാണ്. ഒരു നല്ല ഗായകൻ കൂടിയായ ബാബുരാജ്, അദ്ദേഹം സംഗീത സംവിധാനം ചെയ്ത കണ്ടം ബെച്ച കോട്ട് (1961), കുട്ടിക്കുപ്പായം (1963), സുബൈദ (1965), പെൺമക്കൾ (1966), ബാല്യകാലസഖി (1967) എന്നീ ചിത്രങ്ങളിലും പാടിയിട്ടുണ്ട്.
സാധാരണക്കാർക്കിടയിൽ ജീവിച്ച് അസാധാരണ ഈണങ്ങൾ സൃഷ്ടിച്ച ബാബുരാജിനെ നമ്മൾ ഒരിക്കലും 'മാസ്റ്റർ" എന്നു വിളിച്ചില്ല. നിറഞ്ഞ സ്നേഹത്തോടെ 'ബാബുക്ക" എന്നു മാത്രം വിളിച്ചു. ആ ഗാനങ്ങൾ ശാസ്ത്രീയ പാഠങ്ങളിൽ നിന്നല്ല, അദമ്യമായ ജന്മവാസനയുടെ ഹൃദയാഴങ്ങളിൽ നിന്നാണ് ഉയർന്നുപൊങ്ങിയത്. അതുകൊണ്ടാണ് പൂവച്ചൽ ഖാദർ പറഞ്ഞത്: 'ബാബുരാജിന്റെ ഹൃദയത്തിൽ സംഗീതം, രക്തത്തിൽ സംഗീതം, കണ്ഠത്തിൽ സംഗീതം, വിരലുകളിൽ സംഗീതം" എന്ന്. ഭാസ്കരൻ മാസ്റ്ററുടെ ചില ബാബുരാജ് ഗാനങ്ങളിൽ പറയുന്നതുപോലെ 'കണ്ണുനീരിൻ ചുഴിയിൽ വീണൊരു കല്പകത്തളിരും, കണ്ണീർകൊണ്ട് നനച്ചു വളർത്തിയ കൽക്കണ്ടമാവും ഒക്കെയായിരുന്നു ആ ചിരകാല സുന്ദരഗാനങ്ങൾ."