
ഗാസ യുദ്ധം ഒരു വർഷം പിന്നിട്ട ദിവസവും ഇസ്രയേലിന്റെ ആക്രമണങ്ങളിൽ അമ്പതോളം പേരാണ് മരിച്ചത്. അതേ ദിവസംതന്നെ ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്ക് ഹമാസും, തുറമുഖ നഗരമായ ഹൈഫയിലേക്ക് ഹിസ്ബുള്ളയും റോക്കറ്റാക്രമണം നടത്തി. റോക്കറ്റാക്രമണങ്ങളിൽ പത്തോളം പേർക്ക് പരിക്കുപറ്റി. തെക്കൻ ലെബനൻ അതിർത്തിയിലും ബെയ്റൂട്ടിലും ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിനു സമീപവും ഇസ്രയേൽ നടത്തിയത് വ്യോമാക്രമണമാണ്. മാരകമായ തിരിച്ചടികൾ നേരിട്ടിട്ടും ഹമാസ് പിന്തിരിയാൻ തയ്യാറല്ല. യുദ്ധത്തിൽ 40,000-ത്തോളം പേർ മരിച്ചിട്ടും യുദ്ധം നിറുത്താൻ ഇസ്രയേലും ഒരുങ്ങുന്നില്ല. ഈ യുദ്ധം എന്നു തീരുമെന്ന് ആർക്കും പറയാനാവാത്ത രീതിയിൽ പശ്ചിമേഷ്യൻ സാഹചര്യം കൂടുതൽ വഷളാവുകയാണ്.
ഒരു വർഷത്തിനിടയിൽ ഗാസയിലെ ജനങ്ങൾ ഏറ്റുവാങ്ങിയ കെടുതി വിവരണാതീതമാണ്. പകുതിയിലധികം വീടുകളും തരിപ്പണമായി. ഏതാനും ആശുപത്രികൾ ഒഴികെ മറ്റുള്ളവയെല്ലാം ബോംബാക്രമണങ്ങളിൽ തകർന്നു. ഇരുപത് ലക്ഷത്തിലേറെ ജനങ്ങളാണ് അഭയാർത്ഥി ക്യാമ്പുകളിലും മറ്റുമായി കഴിയുന്നത്. ഒരു വർഷത്തിനിടെ ഗാസയിലെ നാൽപ്പതിനായിരം കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. യുദ്ധം നിറുത്തണമെന്ന് ഇസ്രയേലിനോട് ലോക രാജ്യങ്ങൾ പല തവണ ആവശ്യപ്പെട്ടിട്ടും വഴങ്ങിയിട്ടില്ല. യുദ്ധം നിറുത്തണമെന്ന് പുറമേയ്ക്ക് ആവശ്യപ്പെടുന്ന രാജ്യങ്ങളിൽ ചിലർ രഹസ്യമായി ഇസ്രയേലിന് എല്ലാ സഹായവും നൽകിവരികയും ചെയ്യുന്നു. ഹമാസിന്റെ നേതാക്കളെയും കേഡറുകളെയും പൂർണമായും തകർത്തിട്ടേ യുദ്ധം അവസാനിപ്പിക്കൂ എന്നാണ് ഇസ്രയേലിന്റെ നിലപാട്.
ലെബനൻ, ഹിസ്ബുള്ള, ഹമാസ്, ഹൂതികൾ, ഇറാൻ തുടങ്ങിയവർ ഒരുവശത്തും മറുവശത്ത് ഇസ്രയേലുമായി ഒരു വൻ യുദ്ധത്തിലേക്ക്; ഒരുപക്ഷേ അമേരിക്ക വരെ പങ്കാളികളാകുന്ന ഒരു വിപുല യുദ്ധത്തിലേക്ക് കാര്യങ്ങൾ വഴുതിവീഴുമോ എന്ന സംശയത്തിലാണ് ലോക ജനത. ഒക്ടോബർ ഒന്നിന് അതിശക്തമായ മിസൈലാക്രമണമാണ് ഇസ്രയേലിനു നേരെ ഇറാൻ നടത്തിയത്. ഇസ്രയേലിന്റെ അയൺ ഡോമുകൾ ഭൂരിപക്ഷം മിസൈലുകളെയും നിർവീര്യമാക്കുകയാണ് ഉണ്ടായത്. ചില മിസൈലുകൾ ഇസ്രയേലിൽ പതിക്കുകയും ചെയ്തു. ഹിസ്ബുള്ളയെ ലാക്കാക്കി തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണമാണ് ഇറാനെ പ്രകോപിപ്പിച്ചത്. ഇസ്രയേൽ ഇതുവരെ ഇറാനിൽ പ്രത്യാക്രമണം നടത്തിയിട്ടില്ല. ഇനി അതുകൂടി തുടങ്ങിവച്ചാൽ പശ്ചിമേഷ്യ യുദ്ധഭൂമിയായി പരിണമിക്കും. തുടങ്ങുന്ന യുദ്ധങ്ങളൊന്നും അവസാനിക്കുന്നില്ല എന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ശാപം.
യുദ്ധത്തിൽ ആത്യന്തികമായി ആരും ജയിക്കുകയും തോൽക്കുകയും ചെയ്യുന്നില്ലെങ്കിലും സാധാരണ ജനങ്ങൾ- പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും ഇതിന്റെ കെടുതികളെല്ലാം ഏറ്റുവാങ്ങേണ്ടിവരും. അതേസമയം യുദ്ധംകൊണ്ട് സമ്പന്നരാകാൻ കാത്തിരിക്കുന്ന കഴുകന്മാർ നിരവധിയാണ്. ആയുധക്കച്ചവടക്കാരാണ് യുദ്ധം വിരാമമില്ലാതെ തുടരുമ്പോൾ ഏറ്റവും സന്തോഷിക്കുന്ന വിഭാഗം. കരിഞ്ചന്തയിലെ കച്ചവടക്കാർ കൂടുതൽ തടിച്ചുകൊഴുക്കുന്നതും യുദ്ധ സമയത്താണ്. ഐക്യരാഷ്ട്ര സംഘടന ഒരു നോക്കുകുത്തിയായി മാറി എന്നുകൂടി തെളിയിച്ചിരിക്കുകയാണ് ഗാസ യുദ്ധം. യു. എൻ കാഴ്ചക്കാരായി മാറിനിൽക്കുകയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. യുക്രെയിൻ യുദ്ധം തുടങ്ങിയിട്ട് മൂന്ന് വർഷത്തോടടുക്കുന്നു. അതവസാനിപ്പിക്കാനും യു.എന്നിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. പുതിയ ലോക സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ലോകം ചിന്തിച്ചു തുടങ്ങേണ്ട സമയം കൂടിയാണിത്.