
തിരുവനന്തപുരം: ദേശീയ തപാൽദിനത്തിൽ കിഴക്കേകോട്ടയിലെ ഒരു തപാൽപ്പെട്ടി അധികൃതരുടെ അവഗണനയിൽ തുരുമ്പെടുത്ത് നശിക്കുന്നു.കിഴക്കേകോട്ടയിൽ പാളയം ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റാൻഡിൽ ഫ്ലാറ്റ്ഫോം നമ്പർ ഒന്നിനോട് ചേർന്നാണ് ഈ തപാൽപ്പെട്ടിയുള്ളത്.
കാലപ്പഴക്കത്തിൽ തപാൽപ്പെട്ടിയുടെ അടിവശം മുഴുവൻ തുരുമ്പെടുത്ത് വലിയ ദ്വാരം വീണ നിലയിലാണ്.ഏതുനിമിഷം വേണമെങ്കിലും തപാൽപ്പെട്ടി നിലംപതിക്കാം.തപാൽ ഉരുപ്പടികൾ ഇതിൽ നിക്ഷേപിച്ചാൽ സുരക്ഷിതമായിരിക്കില്ലെന്ന് പ്രദേശത്തെ കച്ചവടക്കാർ പറയുന്നു.വലിയ ദ്വാരമുള്ളതിനാൽ ആർക്ക് വേണമെങ്കിലും പുറത്ത് നിന്ന് പെട്ടിയിൽ കൈയിട്ട് കത്തുകളെടുത്ത് കൊണ്ടു പോകാൻ കഴിയുമെന്ന് ഇവർ പറയുന്നു.മഴയത്ത് നിലത്തോട് ചേർന്ന ദ്വാരത്തിലൂടെ വെള്ളം ഒഴുകിയിറങ്ങി കത്തുകളും മറ്റും നനഞ്ഞ് നശിക്കാറുണ്ട്.തപാൽ ദിനത്തോടനുബന്ധിച്ചെങ്കിലും ഈ തപാൽപ്പെട്ടി മാറ്റി പുതിയത് സ്ഥാപിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.