krishnankutty

തിരുവനന്തപുരം:വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മുമ്പാകെ കെ‌.എസ്.ഇ.ബി ശുപാർശ സമർപ്പിച്ചതായി മന്ത്രി കെ.കൃഷ്ണൻകു‌ട്ടി നിയമസഭയിൽ പറഞ്ഞു. പ്രതിമാസ ബില്ലിംഗ് ഏർപ്പെടുത്തുന്നത് കെ‌.എസ്.ഇ.ബിയുടെ പരിഗണനയിലാണ്. അത് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മിഷനാണ്. അതിനുള്ള നിർദ്ദേശം കമ്മിഷന് നൽകിയിട്ടില്ലെന്നും മന്ത്രി നിയമസ‌ഭാ ചോദ്യോത്തരവേളയിൽ പറഞ്ഞു.

സ്മാർട്ട് മീറ്ററുകൾ

ഘട്ടം ഘട്ടമായി

വൈദ്യുതി സ്മാർ‌ട്ട് മീറ്ററുകൾ ഘട്ടംഘട്ടമായി നടപ്പാക്കും. മൂന്നുലക്ഷം മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നൽകിയിട്ടുണ്ട്. ഇതിൽ ഗവൺമെന്റ്, എച്ച്.ടി ആൻഡ് ഇ.എച്ച്.ടി, വാണിജ്യം എന്നീ ഉപഭോക്താക്കളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2026 മാർച്ചിൽ പൂർത്തിയാകും. നിലവിൽ എല്ലാ ഉപഭോക്താക്കൾക്കും പുതിയ കണക്ഷൻ നൽകുമ്പോഴും മീറ്റർ മാറ്റുമ്പോഴും ടി.ഒ.ഡി മീറ്ററുകളാണ് സ്ഥാപിക്കുന്നത്. കേന്ദ്രത്തിന്റെ‌ നിർദ്ദേശം അനുസരിച്ച് കാർഷിക ഉപഭോക്താക്കൾ ഒഴികെയുള്ള മറ്റു ഉപഭോക്താക്കൾക്ക് അടുത്ത ഏപ്രിലിന് മുമ്പായി ടി.ഒ.ഡി താരിഫ് ഏർപ്പെടുത്തണമെന്നാണ് വ്യവസ്ഥ. പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് നടപ്പാക്കുകയാണെങ്കിൽ 2.88 ലക്ഷം മീറ്ററുകൾ മാറ്റേണ്ടിവരും. ഇതിന് 20 കോടി രൂപ ചെലവ് വരുമെന്നും മന്ത്രി അറിയിച്ചു.

ആണവ നിലയം:

തീരുമാനമെടുത്തില്ല

ആണവനിലയം സ്ഥാപിക്കുന്നതിൽ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. അതിനായി കെ.എസ്.ഇ.ബി സ്ഥലം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.