
ആരും ജയിച്ചില്ല. ആരും തോറ്റുമില്ല. കിട്ടുന്ന ഗ്യാപ്പുകൾ നോക്കി ഓരോരുത്തരും ഗോളടിച്ചു. ഇടയ്ക്കിടെ ചെറിയ പൊട്ടിത്തെറികൾ. പതിവു പോലെ സ്പീക്കറുടെ ഡയസിനു മുന്നിലേക്കുള്ള പ്രതിപക്ഷാംഗങ്ങളുടെ ഘോഷയാത്ര. പക്ഷെ സ്പീക്കർ എ.എൻ. ഷംസീറിന് ഒട്ടും വിശ്രമമുണ്ടായില്ല. 'ഹെൽത്തി ഡിസ്കഷനും ഹെൽത്തി ഡിബേറ്റും" നടത്താൻ അംഗങ്ങൾ ശ്രദ്ധിക്കണമെന്ന് ഉൾവിളി പോലെ അദ്ദേഹം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു.
പ്രതിപക്ഷത്തിനു നേരെ ഭരണപക്ഷ അംഗങ്ങൾ തൊടുത്ത അസ്ത്രങ്ങൾക്ക് പതിവു ശൈലിയിൽ ചെത്തിമിനുക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി നൽകി. പക്ഷെ മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞ മന്ത്രി എം.ബി. രാജേഷ് 'മിസ്റ്റർ കൂളായി" നിന്ന് പ്രതിപക്ഷ വാദങ്ങളെ ഖണ്ഡിച്ചു. എ.ഡി.ജി.പിയും ആർ.എസ്.എസ് നേതാക്കളും കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുള്ള അന്വേഷണം പ്രഹസനമാണെന്നു കാട്ടിയുള്ള അടിയന്തര പ്രമേയമാണ് പ്രതിപക്ഷം കൊണ്ടുവന്നത്.
എന്നാൽ സംഗതി ആരുമാരുമറിയാതെ കൈവിട്ട് അങ്ങ് മലപ്പുറം ജില്ലാ രൂപീകരണത്തിലേക്കും ജനസംഘത്തിലേക്കുമൊക്കെ എത്തി. അടിയന്തര പ്രമേയ വിഷയം പോലും മറന്ന മട്ടിലായി ചർച്ചകൾ. ചോദ്യോത്തര വേളയിലും സീറോ അവറിന്റെ തുടക്കത്തിലും മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നെങ്കിലും പിന്നീട് തൊണ്ടയ്ക്കുള്ള അസ്വസ്ഥത കാരണം തിരികെപ്പോയി.
ലീഗ് അംഗം എൻ. ഷംസുദ്ദീനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ചു തുടങ്ങിയത്. എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ചത് മുഖ്യമന്ത്രിക്കു വേണ്ടിയാണെന്നും, ദൂതനായി പോയ അജിത് കുമാറിനോട് ഇതെങ്ങനെ ചോദിക്കുമെന്നുമൊക്കെയുള്ള കാര്യങ്ങൾ വിശദീകരിച്ച ഷംസുദ്ദീൻ മലപ്പുറം ജനതയെ മുഖ്യമന്ത്രി അവഹേളിക്കുന്നതിലുള്ള വിഷമവും തുറന്നുപറഞ്ഞു.
മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയതയാണെന്നും അവിടുത്തെ കുട്ടികൾ പരീക്ഷ ജയിക്കുന്നത് കോപ്പിയടിച്ചാണെന്നുമൊക്കെ നേരത്തെ ചിലർ പറഞ്ഞതിലുള്ള അമർഷവും അദ്ദേഹം പ്രകടിപ്പിച്ചു. തൊട്ടു പിന്നാലെ വന്ന സി.പി.എം അംഗം പി.നന്ദകുമാർ, തന്റെ വിവാഹത്തിന് മാല എടുത്തുതന്നത് മൊയ്തീൻകുട്ടി ഹാജിയും ഇമ്പിച്ചിബാവയും ചേർന്നാണെന്ന് പറഞ്ഞുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർക്ക് മതനിരപേക്ഷത ജീവിതത്തിന്റെ ഭാഗമാണെന്ന് സമർത്ഥിച്ചത്. എള്ളുണങ്ങുന്നത് എണ്ണയ്ക്കാണെന്നുംകുറുഞ്ചാത്തൻ ഉണങ്ങുന്നത് എന്തിനെന്നുമുള്ള പഴഞ്ചൊല്ല് ലീഗിനെ ഓർമ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല. പ്രസംഗത്തിന്റെ സമയം അവസാനിക്കാറായ കാര്യം സ്പീക്കർ ഇടയ്ക്ക് ഓർമ്മിപ്പിച്ചു. ഒരു വാക്ക് പറഞ്ഞ് അവസാനിപ്പിക്കാം എന്ന് നന്ദകുമാർ പറഞ്ഞപ്പോൾ, അത് പിന്നെപ്പറയാം എന്നായി സ്പീക്കർ.
നന്ദകുമാറിന്റെ പ്രസംഗത്തിനിടെ, 'നാണംകെട്ടവർ" എന്ന് കഴക്കൂട്ടം അംഗം (കടകംപള്ളി സുരേന്ദ്രൻ) അഞ്ചു പ്രാവശ്യം ആവർത്തിച്ചത് വി.ഡി.സതീശൻ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. അത് തുടങ്ങിയത് ഉബൈദുള്ളയാണെന്ന് തിരിച്ചടിച്ച സ്പീക്കർ, ആരും കോറസ് കൊടുക്കേണ്ടെന്ന പൊതു നിർദ്ദേശവും നൽകി. ഇവിടെയും അദ്ദേഹം ഹെൽത്തി ഡിബേറ്റ് ആവർത്തിച്ചു.
'തുലാഭാരം" എന്ന സിനിമയ്ക്കു വേണ്ടി വയലാർ രചിച്ച 'തൊട്ടു തൊട്ടില്ല...." എന്ന പാട്ടാണ് സി.പി.ഐയിലെ ഇ ചന്ദ്രശേഖരന്റെ പ്രസംഗം കേട്ടപ്പോൾ ഓർമ്മവന്നത്. ശുദ്ധനായ ചന്ദ്രശേഖരൻ ഉള്ളിലുള്ളത് തുറന്ന് പറയുന്ന ആളുമാണ്. ചർച്ചയിൽ പങ്കെടുത്ത് എ.ഡി.ജി.പി വിഷയത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ കോരിത്തരിപ്പുണ്ടാക്കിയത് പ്രതിപക്ഷ ബെഞ്ചുകളിലാണ്.
സർക്കാരിനെതിരെ ഏത് ഉദ്യോഗസ്ഥൻ നിലപാടെടുത്താലും നടപടി സ്വീകരിക്കണമെന്ന തന്റെ അഭിപ്രായത്തിന് കൈയടി കിട്ടിയത് പ്രതിപക്ഷ നിരയിൽ നിന്ന്. താൻ സഹോദരതുല്യം സ്നേഹിക്കുന്ന എൻ. ഷംസുദ്ദീൻ അടിയന്തര പ്രമേയത്തിൽ സംസാരിക്കുമ്പോൾ വെള്ളമിറക്കാതെ കുഴങ്ങുന്നതു കണ്ട് ഒരു ഗ്ളാസ് വെള്ളം കൊണ്ടുക്കൊടുക്കണമെന്ന് തോന്നിയെന്ന സത്യം തോമസ് കെ.തോമസ് തുറന്നു പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുടുംബത്തെ പ്രതിപക്ഷം ആക്രമിക്കുന്നതിലുള്ള അമർഷം ഉച്ചത്തിൽ പ്രകടിപ്പിച്ച കൂട്ടത്തിൽ അദ്ദേഹത്തിന്റെ നാവൊന്നു പിണങ്ങി. ആർ.എസ്.എസുമായുള്ള ബന്ധം ഇരുപക്ഷവും അവസാനിപ്പിക്കണമെന്ന് പറഞ്ഞു കഴിഞ്ഞപ്പോഴാണ് അബദ്ധം മനസിലായത്. ലീഗും കോൺഗ്രസും അവസാനിപ്പിക്കണമെന്ന് തിരുത്ത് പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന്റെ കൂട്ടച്ചിരിയിൽ അലിഞ്ഞു പോയി.
മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ 'കുട്ടിപ്പാകിസ്ഥാൻ" പ്രചാരണം നടത്തിയ ജനസംഘത്തെ കോൺഗ്രസ് പിന്തുണച്ചതു പറഞ്ഞ് ലീഗിനെ പ്രകോപിപ്പിക്കാൻ കെ.ടി. ജലീൽ ഇട്ട ചൂണ്ടയിൽ അവർ കൊത്തി. 'ഊപ്പർ ദേഖോ മസ്ജിദ്, മസ്ജിദ്, സാമ്നേ ദേഖോ മസ്ജിദ് മസ്ജിദ്" എന്ന അക്കാലത്തെ മുദ്രാവാക്യവും ജലീൽ ഉരുവിട്ടു. താനൂർ കടപ്പുറത്ത് പാകിസ്ഥാൻ പടക്കപ്പൽ എത്തുമെന്ന പ്രചാരണത്തിനെതിരെ സി.എച്ച്. മുഹമ്മദ് കോയ നടത്തിയ പ്രസംഗം താൻ വായിച്ചിട്ടുണ്ടെന്നു പറഞ്ഞ്, ലീഗ് അംഗം പി.കെ.ബഷീറിനെ ഒന്നു ചൊടിപ്പിക്കാൻ ജലീൽ ശ്രമിച്ചു. തന്റെ പതിവ് ശൈലിയിൽ ബഷീർ മറുപടിയും നൽകി. പക്ഷെ രണ്ടും സഭാ രേഖകളിൽ വരാത്തതായി.
'പട്ടിൽ പൊതിഞ്ഞ ശകാരം" എന്നൊരു പുതിയ പ്രയോഗം പ്രതിപക്ഷ നേതാവ് ഇന്നലെ സഭയിൽ സംഭാവന ചെയ്തു. വിവാദത്തിൽപ്പെട്ട എ.ഡി.ജി.പിയെ വിളിച്ചുവരുത്തി പട്ടിൽ പൊതിഞ്ഞ ശകാരം നൽകിയിട്ട്, ആർ.എസ്.എസ് ചുമതലയിൽ നിന്ന് ബറ്റാലിയൻ ചുമതലയിലേക്കാണ് മാറ്റിയതെന്നും സതീശൻ ആക്ഷേപിച്ചു.