
വെള്ളറട: കാളിമല ദുർഗ്ഗാഷ്ടമി പൂജകൾക്കായി കന്യാകുമാരിയിൽ നിന്ന് കാളിമലയിലേക്കുള്ള സമുദ്രഗിരി രഥ യാത്ര കന്യാകുമാരി ഭഗവതി ക്ഷേത്രത്തിനു മുന്നിൽ മുൻ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാളിമല ട്രസ്റ്റ് പ്രസിഡന്റ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അഖിലാനന്ദമാഹാരാജാ, സ്വാമി രാഘവാനന്ദ, സ്വാമി ശിവചന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രഭാകരൻ, ട്രസ്റ്റ് സെക്രട്ടറി മോഹനൻ, ട്രഷറർ രാജ് കുമാർ, സംഘാടക സമിതി പ്രസിഡന്റ് അഡ്വ: വേലുദാസ്, സെക്രട്ടറി അഡ്വ: സുജിത്ത് കുമാർ, ട്രഷറർ ശ്രീധർ, ബി.ജെ. പി ഉൾപ്പെടെയുള്ള വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ത്രിവേണി സംഗമത്തിൽ നിന്നു ശേഖരിച്ച പുണ്യ തീർത്ഥവും ഇരുമുടികെട്ടോടുകൂടിയ ഭക്തരും രഥത്തെ അനുഗമിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രിയോടുകൂടി രഥം കാളിമലയടിവാരത്ത് പത്തുകാണിയിൽ എത്തും. വെള്ളിയാഴ്ച രാവിലെ ത്രിവേണി സംഗമത്തിൽ നിന്നുള്ള പുണ്യതീർത്ഥം കാളിമല ദേവിക്ക് അഭിഷേകം ചെയ്യും. തുടർന്ന് അഷ്ടമിപൂജ നടക്കും. 12ന് രാവിലെ 11ന് നവമി പൂജയും 13ന് രാവിലെ 7. 30ന് വിദ്യാരംഭവും 11ന് വിജയ ദശമി പൂജയും.