തിരുവനന്തപുരം: എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഡി.ജി.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സ്വീകരിക്കാൻ കഴിയുന്ന നടപടികളാണ് സ്വീകരിച്ചതെന്ന് മന്ത്രി എം.ബി രാജേഷ്.

ഈ വിഷയത്തിലുള്ള അടിയന്തരപ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറയുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിൽ എ.ഡി.ജി.പിയെ ആരോപണമുക്തമാക്കാനുള്ള തെളിവുകളില്ല. എന്നാൽ, ആരോപണങ്ങൾ തെളിയിക്കാനും കഴിഞ്ഞിട്ടില്ല.

വ്യക്തിപരമായി എന്തെങ്കിലും ആനുകൂല്യം ലഭിക്കുന്നതിനാണ് കണ്ടെതെങ്കിൽ അത് സർവീസ് ചട്ടലംഘനമാണ്. വിഷയം സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണ്. കൂടിക്കാഴ്ച സംബന്ധിച്ച് ഒരു സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ടും സർക്കാരിന് ലഭിച്ചിട്ടില്ല. അത്തരം ഒരു റിപ്പോർട്ടുണ്ടെങ്കിൽ പ്രതിപക്ഷനേതാവ് അത് മേശപ്പുറത്ത് വയ്ക്കണമെന്ന് മന്ത്രി പി. രാജീവും ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് എല്ലാ

ജില്ലയിലും തടയും

സ്വർണക്കടത്ത് ,ഹവാല ഉൾപ്പെടെയുള്ള കാര്യങ്ങൾക്കെതിരെ മലപ്പുറത്ത് മാത്രമല്ല എല്ലാ ജില്ലയിലും നടപടികൾ കർശനമാക്കിയതായി മന്ത്രി പറഞ്ഞു.

കസ്റ്റംസ് സ്വർണം പിടിച്ചാൽ, പിഴ ഈടാക്കി തിരിച്ചുകൊടുക്കും. പൊലീസ് പിടിച്ചാൽ തൊണ്ടിമുതലായി കോടതിയിലെത്തും. ഇതോടെ കള്ളക്കടത്ത് സ്വർണം കിട്ടേണ്ടവർക്ക് കിട്ടാതായി. അപ്പോഴാണ് ഒരു ജില്ലയെയും സമുദായത്തെയും മോശമായി ചിത്രീകരിക്കാൻ ചിലർ വാദവുമായി വരുന്നത്. ഒരു പ്രദേശത്തെക്കുറിച്ചോ, വിഭാഗത്തെക്കുറിച്ചോ മുഖ്യമന്ത്രി മോശമായി പ്രതികരിച്ചിട്ടില്ല.

മലപ്പുറം ജില്ലയിൽ താരതമ്യേന കേസ് കുറവാണ്. കൂടുതലെന്ന് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും നടത്തുന്ന പ്രചാരണമാണ്.

ദ്ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ അദ്ദേഹം പറയാത്ത കാര്യങ്ങൾ വന്നു. പത്രം ഖേദം പ്രകടിപ്പിച്ചു. മലപ്പുറം ജില്ലയെന്നാൽ മുസ്ലീങ്ങളുടെ മാത്രം ജില്ലയെന്ന വ്യാഖ്യാനം ഉണ്ടാക്കിയത് സംഘ്പരിവാറാണ്. തങ്ങളുടെ ഡി.എൻ.എയിലുള്ളത് ആർ.എസ്.എസ് വിരുദ്ധതയാണെങ്കിൽ, യു.ഡി.എഫന്റെ ഡി.എൻ.എയിലുള്ളത് ആർ.എസ്.എസും ഹിന്ദുവർഗീയതയുമാണെന്ന് അദ്ദേഹം പറഞ്ഞു.