photo

തിരുവനന്തപുരം: കുമാരപുരം പൈങ്ങാച്ചിറ കുളത്തിനു സമീപം താമസിക്കുന്നവർക്ക് മെയിൻറോഡിലെത്താൻ കുറച്ച് പാടുപെടണം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ റോഡിലൂടെ സാഹസികമായാണ് ഇവിടുത്തുകാരുടെ യാത്ര. ഒരുവർഷം മുമ്പ് ഡ്രെയിനേജ് പണിക്കായി വെട്ടിപ്പൊളിച്ചതാണ് ഈ റോഡ്. പണിതീർത്ത് കുഴിയുംമൂടി ആളും പിരിഞ്ഞു. റോ‌ഡ് സഞ്ചാരയോഗ്യമാക്കിയോ എന്നാരും നോക്കിയില്ല. ഇപ്പോൾ ഒരു മാസമായി ഗ്യാസ് ലൈൻ സ്ഥാപിക്കുന്നതിനായി പൈങ്ങാച്ചിറ കുളത്തിന് ചുറ്റുമുള്ള റോഡുകൾ വീണ്ടും കുഴിച്ചു. കുളത്തിന് ചുറ്റും താമസിക്കുന്ന ഏകദേശം 350 കുടുംബങ്ങൾ കടക്കൽ ലെയിൻ, അറപ്പുര ലെയിൻ, പടിഞ്ഞാട്ടിൽ ലെയിൻ എന്നീ റോഡുകൾ താണ്ടിവേണം മെയിൻ റോഡിലെത്താൻ.

കടക്കൽ ലെയിൻ

ഈ റോഡ് വഴി പ്രവേശിക്കുന്നവർ റോഡിലെത്താൻ 150 മീറ്റർ കുത്തനെയുള്ള കയറ്റം കയറണം. റോഡ് മുഴുവൻ കുണ്ടും കുഴിയുമായതിനാൽ കയറ്റം കയറി വരുമ്പോൾ എതിരെ വാഹനം വന്നാൽ സൈഡ് കൊടുക്കാനോ നിറുത്താനോ പറ്റില്ല.

അറപ്പുര ലെയിൻ

ഈ റോഡ് ചെന്നുചേരുന്നത് കണ്ണമ്മൂല അയ്യങ്കാളി റോഡിലാണ്. ചെളിക്കുളമായി കിടക്കുന്ന അയ്യങ്കാളി റോഡുവഴി യാത്രചെയ്യാനും സാധിക്കില്ല. കാൽനടയാത്ര പോലും പ്രയാസമാണ്.

പടിഞ്ഞാട്ടിൽ ലെയിൻ

ദിവ്യ പ്രഭ കണ്ണാശുപത്രിയുടെ മുന്നിലുള്ള ഈ റോഡിലാണ് ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിയെടുത്തത്. റോഡ് കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ചിട്ട് മണൽകൊണ്ട് മൂടുന്നതിനാൽ മഴ പെയ്താൽ പിന്നെ പറയേണ്ട. വാഹനങ്ങൾ റോഡിൽ പുതഞ്ഞു കിടക്കുന്നത് പതിവാണ്.

ഒരു റോഡിന്റെ പണി കഴിഞ്ഞ് യാത്രായോഗ്യമാക്കിയ ശേഷം അടുത്ത റോഡിന്റെ പണി ആരംഭിച്ചിരുന്നെങ്കിൽ ഈ ദുരിതം അനുഭവിക്കേണ്ടിവരില്ലായിരുന്നു. മണ്ണിൽ പുതയുന്ന വാഹനങ്ങൾ ഉന്തിത്തള്ളിവിടുകയാണ് നാട്ടുകാരുടെ സ്ഥിരം പണി.

ബിനു രാജ്,നാട്ടുകാരൻ