
തിരുവനന്തപുരം: പേട്ട കവറടി ജംഗ്ഷനിലെ 'ശക്തികൃപ'യിലെത്തുമ്പോൾ കണ്ണും മനസും ഭക്തിയിലാകും. കൈകൂപ്പുമ്പോൾ നാവിൽ ദേവീ മന്ത്രങ്ങളുയരും.മൂന്ന് തലമുറകളിലൂടെ പകർന്നുകിട്ടിയ പാരമ്പര്യത്തെ മുറുകെപ്പിടിച്ച് തിരുവനന്തപുരത്തെ ഏറ്റവും വലിയ ബൊമ്മക്കൊലുവാണ് നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശക്തികൃപ എന്ന വീട്ടിലൊരുക്കിയിട്ടുള്ളത്.മേലാംകോട് ഇശക്കിയമ്മൻ ദേവീക്ഷേത്രത്തിലെ മുഖ്യകാര്യദർശിയും കുടുംബത്തിലെ മൂന്നാം തലമുറക്കാരനുമായ ശ്രീകാന്താണ് 5000ലേറെ ബൊമ്മകളെ ഒൻപത് തട്ടുകളിലായി പ്രതിഷ്ഠിച്ചത്.100 വർഷത്തിലേറെ പഴക്കമുള്ള ഗണപതി,മുരുകൻ,ചോറ്റാനിക്കര അമ്മ എന്നിവരുടെ ബൊമ്മകളും ഇക്കൂട്ടത്തിലുണ്ട്.
ശ്രീകാന്തിന്റെ അച്ഛൻ ശ്രീനിവാസന്റെ അമ്മ ഗോമതി അമ്മാളാണ് ബൊമ്മക്കൊലു ഒരുക്കുന്നതിന് തുടക്കമിട്ടത്.അന്ന് വെറും 50 ബൊമ്മകളാണ് ഉണ്ടായിരുന്നത്.കുട്ടിക്കാലത്തെ ബൊമ്മക്കൊലു കാണാൻ ശ്രീകാന്തിന് ഉത്സാഹമായിരുന്നു.ഗോമതി അമ്മാളിന്റെ മരണശേഷം 15 വർഷമായി ശ്രീകാന്താണ് ബൊമ്മക്കൊലു ഒരുക്കുന്നത്.അച്ഛൻ മരിച്ച ഒരുവർഷം മാത്രമാണ് ബൊമ്മക്കൊലു ഒരുക്കാതിരുന്നത്.
ഐതിഹ്യം
മാർക്കണ്ഡേയ പുരാണത്തിലാണ് ബൊമ്മക്കൊലുവിനെക്കുറിച്ച് പരാമർശിക്കുന്നത്.തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയത്തെ ആഘോഷിക്കാനാണ് പുരാണ കഥാപാത്രങ്ങളെ ബൊമ്മകളായി ഒരുക്കുന്നതെന്നാണ് ഐതിഹ്യം.
ഇക്കുറി രാംലല്ലയും
ഓരോവർഷവും ബൊമ്മക്കൊലുവിൽ പുതുമ കൊണ്ടുവരാൻ ശ്രീകാന്ത് ശ്രമിക്കും.രാംലല്ല,ചെന്നൈ പാർത്ഥസാരഥി,വൃന്ദാവനം,രാമായണം തുടങ്ങിയ പ്രമേയങ്ങൾ ഇക്കുറി കൊണ്ടുവന്നിട്ടുണ്ട്.മധുര,ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് ഇവ കൊണ്ടുവരുന്നത്.വീട്ടിലേക്ക് കയറുന്ന ഭാഗത്തും സ്വീകരണ മുറിയിലുമായാണ് ബൊമ്മകളെ ഒരുക്കിയിട്ടുള്ളത്.ശ്രീകാന്തിന്റെ അമ്മ ഗീത,ഭാര്യ അനിത,സഹോദരൻ വിഷ്ണു,വിഷ്ണുവിന്റെ ഭാര്യ ശ്രീലക്ഷ്മി എന്നിവരും സഹായിച്ചു.
നാടാകെ ശക്തികൃപയിലേക്ക്
ബൊമ്മക്കൊലു കാണാൻ പരിസരവാസികളുടെ ഒഴുക്കാണ് ശക്തികൃപയിലേക്ക്. സംഗീതക്കച്ചേരികൾക്കും ഈ ദിവസങ്ങളിൽ ഇവിടം വേദിയാകും. ഇന്നലത്തെ കച്ചേരിയിൽ പങ്കെടുക്കാനെത്തിയ ഗായകൻ ബൊമ്മക്കൊലുവിന്റെ ഫോട്ടോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.നടി ശോഭന ഉൾപ്പെടെ പോസ്റ്റ് പങ്കുവച്ചു. വിസിൽ എം.ഡി ദിവ്യ.എസ്.അയ്യർ, നടിയും അവതാരികയുമായ ആര്യ തുടങ്ങിയവർ ബൊമ്മക്കൊലു കാണാനെത്താറുണ്ട്.