മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ച് കോടികളുടെ ബാങ്ക് വായ്പയെടുത്ത് പുതിയ കെട്ടിടം പണിയുന്നത് അഴിമതിയാണെന്ന് ആരോപിച്ച് കോൺഗ്രസ് 11ന് നീറമൺകുഴിയിൽ നിന്ന് പഞ്ചായത്ത് പ്രദേശത്താകെ പദയാത്ര സംഘടിപ്പിക്കുമെന്ന് സമരസമിതി കൺവീനർ ജി.പങ്കജാക്ഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ലൈഫ് പദ്ധതിയിലുൾപ്പെട്ടവർക്ക് വീട് പൂർത്തിയാക്കുന്നതിന് നൽകാൻ പണമില്ലാത്തപ്പോഴാണ് രണ്ടര പതിറ്റാണ്ടിന്റെ പഴക്കം മാത്രമുള്ള ഇരുനില കെട്ടിടം പൊളിച്ചുമാറ്റി പുതിയത് പണിയുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് പൊളിച്ചുമാറ്റാനുള്ള സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതെന്നും കൺവീനർ പറഞ്ഞു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മായാ രാജേന്ദ്രൻ,എസ്.സുമേഷ്,യൂത്ത്‌ കോണ്‍ഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.