
തിരുവനന്തപുരം: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് പൂർണ്ണമായി ഒഴിവാക്കി ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയ നടപടി തീർത്ഥാടനത്തിൽ ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി. . ഇത് ഭക്തരെ ശബരിമലയിൽ നിന്ന് അകറ്റുന്നതിനിടയാക്കും.
ദൂരദേശങ്ങളിൽ നിന്നെത്തുന്നവർക്കും നെറ്റ്‌വർക്ക് തകരാർ മൂലം രജിസ്ട്രേഷൻ ചെയ്യാനാകാത്തവർക്കും സ്പോട്ട് ബുക്കിംഗ് അനിവാര്യമാണ്. തിരക്ക് നിയന്ത്രിക്കാൻ പരിചയവും പരിശീലനവുമുള്ള പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്രസേനാംഗങ്ങളെയും നിയോഗിച്ചാൽ പ്രതിദിനം 90,000 പേർക്ക് ഓൺലൈൻ രജിസ്ട്രേഷനിലൂടെയും 15,000 പേർക്ക് സ്പോട്ട് ബുക്കിംഗിലൂടെയും ദർശനം നടത്താൻ സാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ലിജു പാവുമ്പ, കാട്ടാക്കട അനിൽ, കോട്ടയം അനൂപ്, കൊല്ലം സുനിൽ, ആർ.ശ്യാം, ഉണ്ണികൃഷ്ണൻ നമ്പ്യാതിരി, രാജീവ് ചങ്ങനാശേരി, കല്ലയം രാജേഷ്, എസ്.എസ്.ഷാബു, ഏറ്റുമാനൂർ സുധീഷ്, വർക്കല സുരേഷ് പോറ്റി എന്നിവർ പ്രസംഗിച്ചു.