pilgrims

തിരുവനന്തപുരം:ശബരിമല തീർത്ഥാടനത്തിന്റെ സവിശേഷത അവിടെ എത്തുന്ന പരമ്പരാഗത അയ്യപ്പൻമാരും ഗുരുസ്വാമിമാരുമാണ്. അതികഠിനമായ വ്രതം നോറ്റ്, ദിവസങ്ങളോളം ജപവും സർവ്വത്യാഗമനോഭാവവുമായി കഴിഞ്ഞ് ദർശനത്തിനെത്തുന്ന ഭക്തർ അധികം സ്ഥലങ്ങളിലില്ല. ആന്ധ്രയിലും മറ്റും ജോലി ചെയ്യുമ്പോൾ ചെരുപ്പുപോലും ധരിക്കാതെ ചൂടുവെയിലിൽ റോഡിലൂടെ അൽപവസ്ത്രധാരികളായി വ്രതംനോറ്റ് ശബരിമല ദർശനത്തിന് തയ്യാറെടുക്കുന്നവരെ കണ്ടിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഇവിടെ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുമ്പോൾ അതെല്ലാം ഇത്തരം ഭക്തരുടെ ശ്രദ്ധയിൽ യഥാസമയം എത്തിച്ചേരണമെന്നില്ല. അവർ വാർത്താമാദ്ധ്യമങ്ങൾ പോലും ശ്രദ്ധിക്കണമെന്നില്ല.അങ്ങനെയുള്ള പരമ്പരാഗത ഭക്തർ എത്തുമ്പോൾ ദർശനമില്ല എന്ന സ്ഥിതിയുണ്ടായാൽ അത് ഉണ്ടാക്കുന്ന മനോവേദനയ്ക്ക് അതിരുണ്ടാകില്ല. അങ്ങനെ സംഭവിക്കുന്നത് ഒരുനാടിനും നല്ലതല്ല.

തിരക്ക് നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നതിൽ തർക്കമില്ല. പതിനെട്ടാം പടിയിലൂടെ ഒരുദിവസം കയറ്റിവിടാനാകുന്ന ഭക്തരുടെ എണ്ണത്തിന് പരിധിയുണ്ട്. അത് ക്രമീകരിക്കുമ്പോൾ, ഭക്തർക്ക് വിഷമങ്ങളുണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഭക്തരുടെ ക്ഷേമവും സുഗമമായ ക്ഷേത്രദർശനവുമായിരിക്കണം ലക്ഷ്യം.

ഒരുദിവസം 80000 പേർക്കാണ് ദർശന സൗകര്യമെന്നും അവരെല്ലാം ഓൺലൈനായി ബുക്ക് ചെയ്തിരിക്കണമെന്നും പറയുന്നത് സംഘർഷാവസ്ഥയാണുണ്ടാക്കുക. മുൻഗണന നൽകാനായില്ലെങ്കിലും സ്പോട്ട് ബുക്കിംഗിന് സൗകര്യമുണ്ടാകണം. അല്ലെങ്കിൽ ഓൺലൈനിൽ ബുക്ക് ചെയ്യാതെ വരുന്നവർക്ക് അൽപം കാത്തിരുന്നാണെങ്കിൽ പോലും ദർശനം നടത്താൻ അവസരം നൽകണം.

ശബരിമലയിലേക്ക് വരുന്നവരെ നിരുൽസാഹപ്പെടുത്താനോ,തടയാനോ കഴിയില്ല. അവർക്ക് എല്ലാം സൗകര്യമൊരുക്കാനുള്ള ബാദ്ധ്യത അധികൃതർക്കുണ്ട്. തിരക്ക് കൂടുമ്പോൾ എരുമേലിയിലും പമ്പയിലും നിലയ്ക്കലും ഭക്തരെ കടത്തിവിടാതെ നിയന്ത്രിക്കുന്ന പതിവുണ്ടായിരുന്നു.പക്ഷെ അവിടങ്ങളിൽ വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങൾക്കും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങളിലല്ലാത്തതാണ് പ്രശ്നം. അത് പരിഹരിക്കണം. സർക്കാരിന്റെ വിവിധ വകുപ്പുകൾ തന്നെ ശബരിമല തീർത്ഥാടനത്തിനായി നിസ്വാർത്ഥ മനോഭാവത്തോടെ ഏകോപനം നടത്തണം. അതിനുള്ള പരിശ്രമമാണ് സർക്കാരിൽ നിന്ന് ഉണ്ടാകേണ്ടത്. അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും ജാഗ്രതയുണ്ടാകണം.

(മുൻ സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലായിരുന്ന എ.ഹേമചന്ദ്രൻ ശബരിമല നിരീക്ഷണ സമിതി അംഗവുമായിരുന്നു.)