
പാറശാല: കെ.എസ്.ആർ.ടി.സിയുടെ പാറശാല ഡിപ്പോയ്ക്ക് മുന്നിലൂടെ കടന്നുപോകുന്ന ഡിപ്പോ റോഡ് തകർന്നടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് 5 വർഷങ്ങൾ കഴിഞ്ഞു. റോഡ് തകർന്ന് കുണ്ടും കുഴികളും രൂപപ്പെട്ടതിനാൽ മഴപെയ്താൽ ആഴ്ചകളോളം വെള്ളക്കെട്ടുണ്ടാകുന്നുണ്ട്.
ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ നിരവധിപേർ റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. കെ.എസ്.ആർ.ടി.സിയുടെ പാറശാല ഡിപ്പോയിലെത്തുന്ന ജീവനക്കാർക്ക് പുറമെ പ്രദേശത്തേക്കുള്ള മൂന്ന് മേഖലകളിലേക്ക് തിരിയുന്ന വിവിധ റോഡുകളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് പോകുന്നതിനുള്ള പ്രധാന റോഡാണിത്. ദിനംപ്രതി കെ.എസ്.ആർ.ടി.സിയുടെ പാറശാല ഡിപ്പോയിൽ നിന്നുള്ള സർവ്വീസുകൾ ആരംഭിക്കുന്നതും തിരികെ എത്തുന്നതും ഇതിലൂടെയാണ്.
റോഡ് അനാഥമായി
കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോ സ്ഥാപിച്ചതോടെ സ്ഥലത്തെ കുളത്തിന്റെ വരമ്പിലൂടെ കടന്നുപോയിരുന്ന പഞ്ചായത്ത് വക റോഡ് വീതി കൂട്ടാനായി കുളത്തിന്റെ കുറേഭാഗം നികത്തിയിരുന്നു.
ഡിപ്പോയ്ക്ക് മുന്നിൽ വരെയുള്ള റോഡാണ് 150 മീറ്ററോളം ദൈർഘ്യമുള്ള ഡിപ്പോ റോഡായി നാമകരണം ചെയ്‌തത്.
എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് റോഡ് പൂർത്തിയാക്കിയത്. ഡിപ്പോ ആരംഭിച്ചതോടെ റോഡിന്റെ അറ്റകുറ്റപണികൾ നേരത്തെ കെ.എസ്.ആർ.ടി.സി നടത്തിയെങ്കിലും പിന്നീട് നടക്കാതെവന്നതിനാൽ റോഡ് അനാഥമായി.
അതികൃതരും നിശബ്ദമായി
റോഡ് തകർച്ചയിൽ ജനങ്ങൾ പൊറുതിമുട്ടിയപ്പോൾ പ്രദേശത്തെ നാട്ടുകാർ ചേർന്ന് പഞ്ചായത്തിന് പരാതിപ്പെട്ടെങ്കിലും റോഡ് തങ്ങളുടേതല്ലെന്ന കാരണം പറഞ്ഞ് അവർ കൈമലർത്തി. തുടർന്ന് എം.എൽ.എയോട് പരാതിപ്പെട്ടതോടെ വെള്ളപ്പൊക്ക ആശ്വാസ ഫണ്ടിൽ നിന്ന് 10 ലക്ഷം അനുവദിച്ചെങ്കിലും തുക തികയില്ലെന്ന കരണംപറഞ്ഞ് കോൺട്രാക്ടർമാർ പണി ഏറ്റെടുക്കാൻ തയാറായില്ല.
സഞ്ചാരയോഗ്യമാക്കുമോ?
റോഡിന്റെ അവസ്ഥക്കെതിരെ പരിഹാരം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ കുഴികളിൽ വാഴകൾ നട്ട് പ്രതിഷേധിച്ചെങ്കിലും അധികൃതർ അനങ്ങിയില്ല. തുടർന്ന് വാർഡ് മെമ്പർ താരയുടെ ശ്രമഫലമായി റോഡ് ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും 25 ലക്ഷത്തോളം അനുവദിച്ചാലേ റോഡ് നല്ലരീതിയിൽ പണിചെയ്ത് സഞ്ചാരയോഗ്യമാക്കാൻ കഴിയുകയുള്ളൂ എന്നാണ് പറയുന്നത്.