
തിരുവനന്തപുരം: അഡി.ഡി.ജി.പി പി.വിജയനെ സംസ്ഥാന ഇന്റലിജൻസ് മേധാവിയായി നിയമിച്ചു. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായ ഒഴിവിലാണ് നിയമനം.
1999 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയൻ പൊലീസ് അക്കാഡമി ഡയറക്ടറായിരുന്നു.
എലത്തൂർ തീവയ്പ്പുകേസിൽ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ടിനെത്തുടർന്ന് വിജയനെ ആറുമാസം സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് തിരിച്ചെടുത്ത് സ്ഥാനക്കയറ്റം നൽകി. തീവ്രവാദവിരുദ്ധ സേനയുടെ തലവൻ, ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എം.ഡി അടക്കം ചുമതലകൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണറായിട്ടുണ്ട്. പൊലീസിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിച്ചു. സ്റ്റുഡന്റ്സ് കേഡറ്റ്, ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതികൾക്ക് തുടക്കമിട്ടു. പുണ്യം പൂങ്കാവനം പദ്ധതിയെ മൻകീബാത്ത് റേഡിയോ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്‌ത്തിയിരുന്നു. വിജയന് പകരം പൊലീസ് അക്കാഡമി ഡയറക്ടറുടെ ചുമതല എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി എ.അക്ബറിന് നൽകി.