asembly

തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ ഉചിതമായ നടപടി സ്വീകരിച്ചെന്ന ഭരണപക്ഷ വാദം തള്ളി പ്രതിപക്ഷം.

വിവാദ കൂടിക്കാഴ്ച സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയിൽ പങ്കെടുത്തില്ല. ആരോഗ്യകാരണങ്ങളാൽ ശബ്ദ വിശ്രമമെടുത്ത് സഭവിട്ടു.

2023ൽ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് 16 മാസം കഴിഞ്ഞ് നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ കൃത്യമായ മറുപടി നൽകിയില്ലെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷം സഭവിട്ടിറങ്ങി.

പാർലമെന്ററികാര്യ മന്ത്രി എം.ബി രാജേഷാണ് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞത്.

ഒന്നും മറച്ചുവെയ്ക്കാനില്ലെങ്കിൽ ഡി.ജി.പിയുടെ റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കണമെന്ന് പ്രമേയം അവതരിപ്പിച്ച എൻ ഷംസുദ്ദീൻ ആവശ്യപ്പെട്ടു . സ്വർണക്കടത്ത് പണം ഉപയോഗിച്ച് മലപ്പുറത്ത് ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന വിവരം മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ എഴുതിച്ചേർത്തത് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം അഭിമുഖം സംഘടിപ്പിച്ചവരാണ്.

സ്വർണക്കടത്ത് പണം ദേശവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന സംഘപരിവാറിന്റെ പ്രചാരണം മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എഴുതിച്ചേർത്തയാളിനെ എന്തുകൊണ്ടു കണ്ടുപിടിക്കുന്നില്ല.

എ.ഡി.ജി.പിയെ മാറ്റിയത് ആർ.എസ്.എസ്ചുമതലയിൽ നിന്ന് ബറ്റാലിയൻ തലപ്പത്തേക്കാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പരിഹസിച്ചു. മലപ്പുറം ജില്ലയ്ക്കും ഒരു സമുദായത്തിനുമെതിരായി മുഖ്യമന്ത്രി പരാമർശം നടത്തിയിട്ടില്ലെങ്കിൽ പി.ആർ. എജൻസിക്കെതിരെ കേസ് നൽകാനെങ്കിലും തയ്യാറുണ്ടോയെന്നും ചോദിച്ചു.

ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിൽ എ.ഡി.ജി.പിയെ ആരോപണമുക്തമാക്കാനുള്ള തെളിവുകളില്ലാത്തതിനാൽ സ്വീകരിക്കാൻ കഴിയുന്ന നടപടികളാണ് സ്വീകരിച്ചതെന്ന് മന്ത്രി എം.ബി രാജേഷ് മറുപടി നൽകി. കൂടിക്കാഴ്ച സംബന്ധിച്ച് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ടില്ല. അങ്ങനെയൊന്നുണ്ടെങ്കിൽ പ്രതിപക്ഷനേതാവ് മേശപ്പുറത്ത് വയ്ക്കണമെന്ന് മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പക്കലുള്ള റിപ്പോർട്ട് താൻ എങ്ങനെ വയ്ക്കുമെന്ന് പ്രതിപക്ഷനേതാവ് മറുചോദ്യമുന്നയിച്ചു.