തിരുവനന്തപുരം: സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനിരാജയ്ക്കെതിരെ കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരാതി അയച്ചു. സംസ്ഥാനത്തെ വിവിധ വിഷയങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്നത് നിയന്ത്രിക്കണമെന്നാണ് ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് അയച്ച കത്തിൽ പറയുന്നത്.

സംസ്ഥാന പൊലീസിൽ ആർ.എസ്.എസ് ഗ്യാംഗ് പ്രവർത്തിക്കുന്നുവെന്ന ആനി രാജയുടെ പരാമർശം ഇന്നലെ പ്രതിപക്ഷ നേതാവ് നിയമസഭയിൽ എടുത്തു പറഞ്ഞിരുന്നു. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ മുതൽ ആനി രാജയോട് സംസ്ഥാന നേതൃത്വത്തിന് അത്ര പഥ്യമല്ല. പല കാര്യങ്ങളുമായി ബന്ധപ്പെട്ടും അവർ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ രഞ്ജിത്തിന്റെയും മുകേഷിന്റെയും രാജി ആവശ്യപ്പെട്ടത് പാർട്ടിയെ പ്രതിരോധത്തിലാക്കി. എ.ഡി.ജി.പി വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിച്ച മയപ്പെട്ട നിലപാടിനെതിരെ ആനിരാജ ഉൾപ്പെടെയുള്ളവർ പരസ്യ,പ്രതികരണ നടത്തിയതും സംസ്ഥാന നേതൃത്വത്തിന് തലവേദനയായി.നാളെയും മറ്റന്നാളും ചേരുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഡി.രാജയും പങ്കെടുക്കുന്നുണ്ട്.