തിരുവനന്തപുരം : ഇടുക്കി ഡി.എം.ഒ ഡോ.എൽ.മനോജിനെ സസ്‌പെൻഡ് ചെയ്ത ആരോഗ്യവകുപ്പിന്റെ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മരവിപ്പിച്ചു. തിങ്കളാഴ്ച സർക്കാർജോയിന്റ് സെക്രട്ടറി സസ്‌പെൻഡ് ചെയ്ത ഇടുക്കി ഡി.എം.ഒഡോ. എൽ. മനോജിന്റെ സസ്‌പെൻഷനാണ് സ്റ്റേ ചെയ്തത്.ആരോപണവിധേയന്റെ ഭാഗം കേൾക്കുകയോ അന്വേഷണ റിപ്പോർട്ട് ലഭിക്കുകയോ ചെയ്യാതെ തിടുക്കത്തിൽ സസ്‌പെൻഡ് ചെയ്തതാണ് തിരിച്ചടിയായത്.. പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌പോലും കിട്ടുന്നതിന് മുമ്പാണ് ഡി.എം.ഒയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്ന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം ചെയർമാനായ ട്രിബ്യൂണൽ നിരീക്ഷിച്ചു.

ആരോപണങ്ങൾക്ക് അടിസ്ഥാനമായ രേഖകൾ സമർപ്പിക്കാൻ സർക്കാർ അഭിഭാഷകന് സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഈ മാസം 15ന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് സസ്‌പെൻഷൻ റദ്ദാക്കിയത്.

ഡോ.മനോജിനെതിരെ നിരവധി പരാതികളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവ എന്താണെന്ന് വിശദമാക്കുന്നില്ല. ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ സംഘടന ആരോഗ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളിലൊന്നിന്റെ പകർപ്പ് മാത്രമാണ് സർക്കാർ അഭിഭാഷകൻ ഹാജരാക്കിയത്.

സ്വകാര്യ ആശുപത്രികൾക്ക് വഴിവിട്ട രീതിയിൽ അംഗീകാരം നൽകുന്നതിന് ഡി.എം.ഒ ഇടപെടുന്നതായി പരാതികൾ ലഭിച്ചെന്ന് സർക്കാർ ആരോപിക്കുന്നുണ്ട്. സ്വകാര്യ ആയുർവേദ ആശുപത്രി തുടങ്ങുന്നതിന് എൻ.ഒ.സിക്കായി സമീപിച്ച ഡോക്ടർക്ക് മോശം അനുഭവം നേരിട്ടെന്നും വാദിക്കുന്നുണ്ടെങ്കിലും ആ അപേക്ഷയിൽ എന്ത് നടപടിയെടുത്തെന്ന് വ്യക്തമല്ല. ഡോക്ടർക്ക് നേരിട്ട മോശം അനുഭവം എന്താണ് തുടങ്ങിയ കാര്യങ്ങൾ ബോധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പ് ഡയറക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും റിപ്പോർട്ട് ലഭിക്കുന്നതിനെ മുമ്പേ നടപടിയെടുത്തത് നീതിനിഷേധമാണെന്നായിരുന്നു ഡി.എം.ഒയുടെ വാദം. 15ന്‌കേസ് വീണ്ടും പരിഗണിക്കും. അതിനകം എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ട്രിബ്യൂണൽ മുമ്പാകെ ഹാജരാക്കാമെന്നും ഉത്തരവിലുണ്ട്.