തിരുവനന്തപുരം: കുട്ടികൾക്ക് കാറിൽ ചൈൽഡ് സീറ്റും ഇരുചക്രവാഹനങ്ങളിൽ ചൈർഡ് ഹെൽമെറ്റും നിർബന്ധമാക്കും.
വാഹനാപകടത്തിൽ കുട്ടികൾക്ക് പരിക്കേൽക്കുന്നത് വർദ്ധിച്ച സാഹചര്യത്തിലാണിത്. കേന്ദ്ര നിയമപ്രകാരം നാലുവയസിന് താഴെയുള്ള കുട്ടികൾക്ക് ചൈൽഡ് സീറ്റ് നിർബന്ധമാണ്. കുട്ടികൾ കാറിന്റെ പിൻസീറ്റിൽ മദ്ധ്യത്തിലാണ് സുരക്ഷിതം.
നാലുവയസിന് മുകളിലുള്ള കുട്ടികൾക്ക് ബെൽറ്റുള്ള പ്രത്യേക ഇരിപ്പിടം (ചൈൽഡ് റിസ്‌ട്രെയിന്റ് സിസ്റ്റം) വേണം. ഇതിനെ ബൂസ്റ്റർ സീറ്റ് എന്ന് പറയും. 4- 14 വയസുള്ള കുട്ടികൾ (135 സെന്റീമീറ്റർ ഉയരംവരെ) ബൂസ്റ്റർ സീറ്റ് ഉപയോഗിക്കണം. ഇത് കാറിന്റെ സീറ്റിൽ നിന്ന് തെറിച്ചുപോവില്ല. വിവിധ പ്രായക്കാർക്കുള്ള ബൂസ്റ്റർ സീറ്റുകൾ വിപണിയിലുണ്ട്. ഇവ സീറ്റ് ബെൽറ്റിന്റെ ബക്കിളുകളിൽ ഉറപ്പിക്കാം.
ഇരുചക്രവാഹനങ്ങളിൽ നാലു വയസ് മുതലുള്ള കുട്ടികൾക്ക് ചെൽഡ് ഹെൽമെറ്റ് നിർബന്ധമാണെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശത്തിൽ പറയുന്നു. കുട്ടികളെ വാഹനം ഓടിക്കുന്നയാളുമായി സുരക്ഷാ ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നതും നല്ലതാണ്.
ഈ മാസം ബോധവത്കരണം നടത്തും. നവംബറിൽ മുന്നറിയപ്പ് നൽകും. ഡിസംബർ മുതൽ പിഴ ചുമത്തും. സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ കുട്ടികൾക്ക് പരിക്കേറ്റാൽ ഡ്രൈവർക്കെതിരെ കേസെടുക്കും. കുട്ടികളുടെ സുരക്ഷ ഡ്രൈവർമാരുടെ ചുമതലയാണ്.

പിഴ ₹1000

സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ കേന്ദ്രനിയമ പ്രകാരം 1000 രൂപയാണ് പിഴ. സംസ്ഥാനം ഇത് 500 ആയി കുറച്ചിരുന്നു. കുട്ടികൾക്ക് പ്രത്യേക സീറ്റ് നൽകിയില്ലെങ്കിൽ ഈ തുക പിഴയായി ചുമത്തും. നിലവിൽ പിൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കുന്നില്ല. ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ