തിരുവനന്തപുരം: ഇടതുപക്ഷവുമായി ബന്ധം അവസാനിപ്പിച്ച പി.വി.അൻവറിന് നിയമസഭയിലെ ഇരിപ്പിടം സംബന്ധിച്ച് തീരുമാനമായി. ഭരണപക്ഷ ഭാഗത്ത് മൂന്നാംനിരയിൽ നേരത്തെ ഉണ്ടായിരുന്ന സീറ്റ് തന്നെ തുടർന്നും അനുവദിക്കും. എന്നാൽ, ഇത് പ്രത്യേക ബ്ലോക്കായിട്ടാവും പരിഗണിക്കുക. പ്രതിപക്ഷ നിരയിൽ ഇരിക്കില്ലെന്ന് അൻവർ സ്പീക്കറെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്നലെ വൈകിട്ട് പ്രത്യേക ബ്ലോക്ക് അനുവദിക്കാൻ തീരുമാനമായത്.

ഇന്നലെ അൻവർ രാജ്ഭവനിൽ ഗവർണറെ സന്ദർശിച്ചു. എ.ഡി.ജി.പി എം.ആർ‌.അജിത്ത്കുമാറിനെതിരെ പുറത്തുവിട്ട വിവരങ്ങൾ സംബന്ധിച്ച രേഖകൾ ഗവർണർക്ക് കൈമാറി. എല്ലാ തെളിവുകളും ഗവർണർക്ക് കൈമാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തീരുമാനമെടുക്കേണ്ടത് ഗവർണറാണ്. ഇനിയും കൂടുതൽ വെളിപ്പെടുത്താനുണ്ട്. അതെല്ലാം പിന്നാലെയാകാം.

ഇന്ന് നിയമസഭയിൽ പങ്കെടുക്കും. എ.ഡി.ജി.പിക്ക് എതിരായ തെളിവുകളെല്ലാം സർക്കാരിന് കൈമാറിയതാണ്. എ.ഡി.ജി.പിയെ സസ്‌പെൻഡ് ചെയ്യണമെന്ന ശുപാർശയാണ് ഡി.ജി.പിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ അത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മാറ്റുകയായിരുന്നെന്ന് അൻവർ പറഞ്ഞു.