
മലയിൻകീഴ് : കണിയാക്കോണം തമ്പുരാൻ ക്ഷേത്രറോഡ് തകർന്ന് കുണ്ടും കുഴിയുമായിട്ട് കാലങ്ങൾ കഴിഞ്ഞു. 11 വർഷം മുൻപ് ടാറിംഗ് നടത്തിയ റോഡാണിത്. റോഡിന്റെ ചില ഭാഗങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കുന്നുണ്ട്. ടാറിംഗ് ഇളകി മാറി വൻ കുഴികൾ രൂപപ്പെട്ടതിനാൽ ഇതുവഴി കാൽനട പോലും സാദ്ധ്യമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിത്യേന നിരവധി അപകടങ്ങളും ഇവിടെ നടക്കുന്നുണ്ട്.
നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നിടത്തെ ഏക ആശ്രയമാണീ റോഡ്. അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നാട്ടുകാരും റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചിരുന്നു.
തെരുവ് ലൈറ്റുകൾ കത്താതെ
തെരുവ് ലൈറ്റുകൾ കത്താത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ കാരണം അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രിയിലെത്തണമെങ്കിൽ രോഗികളെ ചുമന്ന് പോകേണ്ട ഗതികേടിലാണ്. രാത്രി കാലങ്ങളിൽ ഇതുവഴി പോകാനാകാത്ത സ്ഥിതിയായിട്ടുണ്ട്.
ബി.ജെ.പി പ്രക്ഷോപത്തിനൊരുങ്ങുന്നു
കണിയാക്കോണം ക്ഷേത്ര റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയുന്നതിന് ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗം പി.കെ.കൃഷ്ണദാസ് സ്ഥലം സന്ദർശിച്ചു. മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റിന്റെ മണപ്പുറം വാർഡിലാണ് ജനങ്ങൾ യാത്രാക്ലേശം അനുഭവിക്കുന്നത്. ബി.ജെ.പി ദക്ഷിണ മേഖലാ ഉപാദ്ധ്യക്ഷൻ മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് പള്ളിച്ചൽ ബിജു, മണ്ഡലം ജനറൽ സെക്രട്ടറി കുന്നുവിള സുധീഷ്, ഏരിയ പ്രസിഡന്റും വാർഡ് മെമ്പറുമായ ഗിരീഷൻ, ഏരിയ ജനറൽ സെക്രട്ടറി മുരളീധരൻ എന്നിവരും പങ്കെടുത്തു.