തിരുവനന്തപുരം:വിപുലമായ ആഘോഷപരിപാടികളോടെ നവരാത്രിയെ വരവേൽക്കാനൊരുങ്ങി നാടും നഗരവും.വിജയദശമിയായ 13 വരെ നീളുന്ന ചടങ്ങുകളാണ് ക്ഷേത്രങ്ങളിൽ നടക്കുന്നത്.പൂജപ്പുര സരസ്വതി ദേവീക്ഷേത്രത്തിൽ നാളെ രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം.വൈകിട്ട് 4.30ന് തിരുനട തുറക്കൽ,ലളിതാസഹസ്രനാമം. 8.30ന് ശ്രീ സരസ്വതിദേവിയുടെ മഹാഗൗരി ഭാവത്തെ എഴുന്നള്ളിപ്പിച്ച് സരസ്വതി മണ്ഡപത്തിൽ ഇരുത്തുന്ന കനകസഭാ ദർശനം.തുടർന്ന് അഭിഷേകം,ദീപാരാധന എന്നിവ കഴിച്ച് തിരിച്ചെത്തും. സരസ്വതി മണ്ഡപത്തിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ ഭജനയും സംഗീതോത്സവവും നടക്കും.ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30ന് നവരാത്രി പ്രഭാഷണപരമ്പരയും കലാപരിപാടികളും നടക്കും.12ന് രാത്രി 8.30ന് മഹാകനകസഭാ ദർശനം.ബാലസരസ്വതി പൂജ,കനകവർഷം,കനകസഭ സംഗീതസദസ് എന്നിവ നടക്കും. 13ന് രാവിലെ 5.30ന് സരസ്വതി മണ്ഡപത്തിലും ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിലുമായി വിദ്യാരംഭം. 7ന് സംഗീതവിദ്യാരംഭം.9ന് കാവടി ഘോഷയാത്ര.ഉച്ചയ്ക്ക് 2ന് കാവടി അഭിഷേകം.വൈകിട്ട് 4.30ന് പള്ളിവേട്ട എന്നിവ നടക്കും.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ 13ന് രാവിലെ 7 മുതൽ പ്രാർത്ഥനാമണ്ഡപത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി,സഹമേൽശാന്തിമാരായ ടി.കെ.ഈശ്വരൻ നമ്പൂതിരി,യു.എം.നാരായണൻ നമ്പൂതിരി എന്നിവർ ചേർന്ന് വിദ്യാരംഭം കുറിക്കും.വിദ്യാരംഭത്തിന്റെയും വിദ്യാസൂക്താർച്ചനയുടെയും രസീതുകൾ ക്ഷേത്ര കൗണ്ടറുകളിൽ നിന്ന് ലഭിക്കും.വിദ്യാരംഭത്തിന് 300 രൂപയാണ് രസീത് തുക.12ന് രാവിലെ 9ന് പ്രാർത്ഥനാമണ്ഡപത്തിൽ ലളിതാസഹസ്രനാമപാരായണം ഉണ്ടായിരിക്കും.

കാര്യവട്ടം ശ്രീവിയ്യാറ്റ് ചാമുണ്ഡേശ്വരി സരസ്വതി ഗണപതി ക്ഷേത്രത്തിൽ 13ന് രാവിലെ 7ന് പൂജ എടുപ്പ്.തുടർന്ന് വിദ്യാരംഭം.10ന് പൊങ്കാല.12.30ന് അന്നദാനസദ്യ.

കഴക്കൂട്ടം ആറ്റിപ്ര ശ്രീ ശിവാനന്ദ ക്ഷേത്രത്തിൽ നാളെ ദുർഗാഷ്ടമി പൂജവയ്പ്പും 12ന് മഹാനവമി-ആയുധപൂജയും 13ന് വിജയദശമി പൂജയെടുപ്പും വിദ്യാരംഭവും നടക്കും.കരമന ആദിപരാശക്തി ക്ഷേത്രത്തിൽ നാളെ വൈകിട്ട് 6 മുതൽ രാത്രി 9 വരെ നൃത്തസന്ധ്യ.12ന് രാത്രി 7ന് ഗാനമേള.

മുക്കോലയ്ക്കൽ ശ്രീവരാഹം ഭഗവതീ ക്ഷേത്രത്തിൽ 13ന് രാവിലെ 7.50ന് പൂജയെടുക്കും. 8ന് മേൽശാന്തി കെ.ഈശ്വരൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തും.പേട്ട കല്ലുംമൂട് ശ്രീ വാരാഹിപഞ്ചമി ക്ഷേത്രത്തിൽ രാവിലെ 7ന് പ്രൊഫ.എൻ.അജിത്ത്കുമാർ,മേൽശാന്തി മാധവൻനമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും.

വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രത്തിൽ നാളെ വൈകിട്ട് 5.30ന് സംഗീതാർച്ചന,ഭരതനാട്യം.13ന് രാവിലെ 7 മുതൽ വിദ്യാരംഭം.കിഴക്കേപ്പട്ടം-മരപ്പാലം ദേവീക്ഷേത്രത്തിൽ 11ന് രാവിലെ 9 മുതൽ മഹാചണ്ഡികാഹോമം. 6.30 മുതൽ കുമാരിപൂജ.12ന് രാവിലെ 11ന് യജ്ഞസമർപ്പണം,മംഗളാരതി. 13ന് രാവിലെ 8.30ന് കവടിയാർ പാലസ് സെക്രട്ടറി എസ്.ബാബു കുട്ടികളെ എഴുത്തിനിരുത്തും.

കൊഞ്ചിറവിള ശ്രീ ഭഗവതി ക്ഷേത്രത്തിൽ നാളെ ഉച്ചയ്ക്ക് 1 മുതൽ 2.30 വരെ അന്നപൂർണേശ്വരി പൂജയും പ്രസാദഊട്ടും. വൈകിട്ട് 6.30ന് വർണക്കാഴ്ചകൾ.13ന് രാവിലെ 8 മുതൽ സരസ്വതിമണ്ഡപത്തിൽ വിദ്യാരംഭം.ഉത്സവദിവസങ്ങളിൽ പ്രൊഫ.ഹരീഷ്ചന്ദ്രശേഖറുടെ മുഖ്യകാർമ്മികത്വത്തിൽ ദേവീഭാഗവത നവാഹയജ്ഞം നടക്കും.