hi

കല്ലറ: എം.സി റോഡിനേയും തെങ്കാശി റോഡിനേയും ബന്ധിപ്പിക്കുന്ന കാരേറ്റ് - പാലോട് റോഡിന് ഇനിയും ശാപമോക്ഷമായില്ല. പൊൻമുടിയിലേക്ക് പോകുന്നതും അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 15 കിലോമീറ്ററോളം ദൂരം വരുന്ന റോഡിനാണ് ഈ ദുർവിധി. റോഡിലുണ്ടായിരുന്ന കുഴികൾ മൂടിയെങ്കിലും ഭൂരിഭാഗവും ഇളകി വലിയ കുഴികളായി രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ ചെറുതും വലുതുമായ അപകടങ്ങളും പതിവാണ്. കൂടാതെ റോഡിനോട് ചേർന്നുള്ള ഓടകളിൽ സ്ലാബ് സ്ഥാപിക്കാത്തതും റോഡിന് ഇരുവശവും എടുത്തിട്ടുള്ള പൈപ്പ് ലൈൻ കുഴികൾ യഥാസമയം മൂടാത്തതും ഗതാഗത തടസത്തിന് കാരണമാകുന്നു.

നിർമ്മാണം പൂർത്തിയാകാതെ

കാരേറ്റ് മുതൽ പാലോട് വരെയുള്ള 21 കിലോമീറ്ററിൽ 15.55 കിലോമീറ്റർ ഭാഗം ആധുനികനിലവാരത്തിൽ നിർമ്മിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2017 ൽ 31.7 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകിയിരുന്നു. കരാറുകാരൻ നിർമ്മാണം ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. ഈ സർക്കാർ അധികാരമേറ്റശേഷം നടത്തിയ പ്രവൃത്തി അവലോകനയോഗങ്ങളിൽ പദ്ധതി പ്രത്യേകമായി പരിശോധിച്ചു. പ്രതീക്ഷിച്ച പുരോഗതിയില്ലാത്തതിനാൽ കരാറുകാരനെ ടെർമിനേറ്റ് ചെയ്യുകയും തുടർന്ന് ശേഷിക്കുന്ന പ്രവൃത്തി ടെൻഡർ ചെയ്തെങ്കിലും ആരും ഏറ്റെടുത്തില്ല.

പ്രത്യേക യോഗം

കിഫ്ബി മുഖാന്തരം നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ അനുമതി നൽകിയിരുന്നു. ഇതിന്റെ റിസ്റ്റോറേഷൻ പ്രവൃത്തിക്കുള്ള തുക കൂടി കിഫ്ബിയിൽനിന്ന് അനുവദിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ റോഡുപണി പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് പ്രത്യേകയോഗം വിളിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും യോഗം ചേർന്ന് റോഡിന്റെ അവശേഷിക്കുന്ന പ്രവർത്തനങ്ങൾക്കായി 14 .58 രൂപയുടെ എസ്റ്റിമേറ്റ് നൽകുകയും ചെയ്തു. എന്നാൽ ഇത് കാലതാമസമെടുക്കുമെന്നതിനാൽ നിലവിലുള്ള അടിയന്തര റിപ്പയർ പാച്ച് വർക്കുകൾ നടത്തുന്നതിനായി ജൂലൈയിൽ മുപ്പത് ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും ഇതുവരെയും പണി ആരംഭിച്ചിട്ടില്ല. ഇടയ്ക്കിടെ കുഴികൾ മൂടുമെങ്കിലും വീണ്ടും കുഴികൾ രൂപപ്പെട്ട് അപകട റോഡായി മാറുകയാണ്.